ജസ്റ്റീസ് യു.യു. ലളിത് സുപ്രീംകോടതി ചീഫ് ജസ്റ്റീസാകും
Friday, August 5, 2022 1:08 AM IST
ന്യൂഡൽഹി: ജസ്റ്റീസ് യു.യു ലളിതിനെ പുതിയ സുപ്രീംകോടതി ചീഫ് ജസ്റ്റീസായി നിലവിലെ ചീഫ് ജസ്റ്റീസ് എൻ. വി. രമണ നിർദേശിച്ചു. എൻ. വി. രമണ ഈ മാസം 26 ന് വിരമിക്കും. ഇതുസംബന്ധിച്ച കത്ത് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജുവിന് കൈമാറി.
അഭിഭാഷകവൃത്തിയിൽനിന്നു നേരിട്ട് ന്യായാധിപനായി ചീഫ് ജസ്റ്റീസ് പദവിയിലെത്തുന്ന രണ്ടാമത്തെ വ്യക്തിയാകും ലളിത്. 1971 ൽ ചീഫ് ജസ്റ്റീസായിരുന്ന എസ്.എം. സിക്രിയാണ് ആദ്യത്തെയാൾ.
മഹാരാഷ്ട്ര സ്വദേശിയാണ് ജസ്റ്റീസ് യു.യു. ലളിത്. ചീഫ് ജസ്റ്റീസ് പദവിയിൽ മൂന്നുമാസമാണ് കാലാവധിയുണ്ടാകുക. നവംബർ എട്ടിന് അദ്ദേഹം വിരമിക്കും. 2014 ഓഗസ്റ്റ് 13 നാണ് ജസ്റ്റീസ് യു.യു. ലളിതിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചത്. അതിനു മുന്‍പ് സുപ്രീംകോടതിയിൽ സീനിയർ അഭിഭാഷകനായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് ജസ്റ്റീസ് യു.ആർ. ലളിത് മുതിർന്ന അഭിഭാഷകനും ഡൽഹി ഹൈക്കോടതി ജഡ്ജിയുമായിരുന്നു.