പാർലമെന്റ് ബജറ്റ് സമ്മേളനം തിങ്കളാഴ്ച മുതൽ
Saturday, January 29, 2022 12:40 AM IST
ന്യൂഡൽഹി: പാർലമെന്റ് ബജറ്റ് സമ്മേളനം തിങ്കളാഴ്ച മുതൽ ആരംഭിക്കും. തിങ്കളാഴ്ച രാവിലെ 11 മണിയോടെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പാർലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്യും.
ചൊവ്വാഴ്ച രാവിലെ 11 മണിയോടെ കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. സമ്മേളനത്തിനു മുന്നോടിയായി ലോക്സഭാ സ്പീക്കർ ഓം ബിർള ഇന്നലെ പാർലമെന്റ് സജ്ജീകരണങ്ങൾ അവലോകനം ചെയ്തു.
ലോക്സഭാ സ്പീക്കറുടെ നേതൃത്വത്തിൽ ഞായറാഴ്ച സർവകക്ഷി യോഗം ചേരും. ജനുവരി 30നു വൈകുന്നേരം മൂന്നോടെയാണ് ലോക്സഭയിലെയും രാജ്യസഭയിലെയും നേതാക്കളുടെ സാന്നിധ്യത്തിൽ നേതാക്കൾ ഒത്തുചേരുക.
ഇതേ ദിവസം വൈകുന്നേരം അഞ്ചുമണിയോടെ രാജ്യസഭാ നേതാക്കളുമായി അധ്യക്ഷൻ എം. വെങ്കയ്യ നായിഡു വെർച്വലായി കൂടിക്കാഴ്ച നടത്തും. സമ്മേളനത്തിന്റെ ആദ്യഭാഗം ഫെബ്രുവരി 11ന് അവസാനിക്കും. രണ്ടാംഭാഗം ഒരു മാസത്തെ ഇടവേളയ്ക്കു ശേഷം മാർച്ച് 14 മുതൽ ഏപ്രിൽ എട്ടു വരെ നടക്കും.