ആന്ധ്രയിലെ ഖനിയിൽ സ്ഫോടനം: ഒന്പതു മരണം
Sunday, May 9, 2021 12:26 AM IST
അമരാവതി: ആന്ധ്രപ്രദേശിലെ കഡപ്പ ജില്ലയിൽ ചുണ്ണാന്പുകല്ല് ഖനിയിലുണ്ടായ സ്ഫോടനത്തിൽ ഒന്പതു തൊഴിലാളികൾ മരിച്ചു. മാമില്ലപ്പള്ളി ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ഖനിയിലേക്കു കൊണ്ടുവന്ന ജലാറ്റിൻ സ്റ്റിക്കുകൾ വാഹനത്തിൽനിന്ന് ഇറക്കുന്നതിനിടെ ആയിരുന്നു അത്യുഗ്ര സ്ഫോടനം.
മൃതദേഹങ്ങൽ ചിന്നിച്ചിതറി തിരിച്ചറിയാൻ പറ്റാത്ത നിലയിലാണെന്നു പോലീസ് പറഞ്ഞു. വാഹനം തകർന്നു തരിപ്പണമായി. ഖനിക്കു ലൈസൻസുണ്ട്. ഉത്തരവാദപ്പെട്ടവരാണ് ജലാറ്റിൻ സ്റ്റിക്കുകൾ കൊണ്ടുവന്നത്. സ്ഫോടനത്തിന്റെ കാരണം വ്യക്തമാകാൻ അന്വേഷണം തുടങ്ങിയെന്നും പോലീസ് അറിയിച്ചു.