ബിഹാറിലേക്കുള്ള ലാലുവിന്റെ മടക്കം വൈകും
Sunday, April 18, 2021 11:55 PM IST
പാറ്റ്ന: ഇന്നു ജയിൽ മോചിതനാകുന്ന ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ നാട്ടിലേക്കുള്ള മടക്കം വൈകും. വിവിധ രോഗങ്ങൾക്കു ഡൽഹി എയിംസിൽ നടത്തുന്ന ചികിത്സ തുടരേണ്ടതിനാണിത്.
കോടികളുടെ അഴിമതിക്കേസിൽ ജാമ്യം ലഭിച്ച ലാലുവിനെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് ആർജെഡി പ്രവർത്തകർ. ഇവരെ നിരാശരാക്കിയാണു ലാലുവിന്റെ വരവ് വൈകുമെന്ന കുടുംബത്തിന്റെ അറിയിപ്പ് പുറത്തുവന്നത്. പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങൾ, വൃക്കയിൽ അണുബാധ, ശ്വസന പ്രശ്നങ്ങൾ എന്നീ രോഗങ്ങൾക്കാണ് ആർജെഡി അധ്യക്ഷൻ എയിംസിൽ ചികിത്സ തേടുന്നത്.
ധുംക ട്രഷറി കേസിൽ ശനിയാഴ്ചയാണ് ജാർഖണ്ഡ് ഹൈക്കോടതി ലാലുവിനു ജാമ്യം അനുവദിച്ചത്. നിലവിൽ ലാലു ശിക്ഷയുടെ പകുതി കാലാവധി പൂർത്തിയാക്കിയെന്നു ജാമ്യം അനുവദിച്ച ജഡ്ജി ചൂണ്ടിക്കാട്ടി. 35 മാസവും 25 ദിവസവും ലാലു ജയിലിൽ കഴിഞ്ഞു. ബിഹാർ മുഖ്യമന്ത്രിയായിരിക്കെ 950 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണു ലാലുവിനെതിരായ കേസ്.