മനുസ്മൃതി വിവാദം: ഖുശ്ബുവിനെ കസ്റ്റഡിയിലെടുത്തു
Wednesday, October 28, 2020 12:27 AM IST
ചെന്നൈ: മനുസ്മൃതി വിവാദത്തിൽ പ്രതിഷേധിക്കാൻ ചിദംബരത്തേക്കു പോകാൻ തുനിഞ്ഞ നടി ഖുശ്ബു സുന്ദറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
വാഹനം ചെങ്കൽപേട്ട് ജില്ലയിൽ പ്രവേശിച്ചയുടനാണ് ഖുശ്ബുവും ബിജെപി പ്രവർത്തകരും കസ്റ്റഡിയിലായത്. വിടുതലൈ ചിരുതൈകൾ കട്ചി അധ്യക്ഷനും കൂടലൂർ എംപിയുമായ തോൽ തിരുമാവളന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരേ ഈസ്റ്റ് കോസ്റ്റ് റോഡിലെ റിസോർട്ടിനുമുന്പിൽ ബിജെപി പ്രവർത്തകർ കുത്തിയിരുന്നു പ്രതിഷേധിച്ചു. തിരുമാവലൻ ഖേദം പ്രകടിപ്പിച്ചു മാപ്പുപറയുന്നതുവരെ പ്രതിഷേധം തുടരുമെന്നും മനുസ്മൃതിക്ക് ഇപ്പോൾ പ്രാധാന്യമില്ലെന്നും ഭരണഘടനയ്ക്കാണു പ്രാധാന്യമെന്നും ഖുശ്ബു പറഞ്ഞു.
മനുസ്മൃതിയിൽ സ്ത്രീകളെ മോശമായി ചിത്രീകരിച്ചിട്ടുണ്ടെന്ന തിരുമാവളന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ഹൈന്ദവ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തിങ്കളാഴ്ച ഈറോഡ് സന്ദർശിച്ച തിരുമാവളനും ബിജെപി പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.