ബല്ലിയ വെടിവയ്പ്: ബിജെപി നേതാവിനെതിരേ എൻഎസ്എ ചുമത്തും
Sunday, October 18, 2020 12:30 AM IST
ബല്ലിയ: ഉത്തർപ്രദേശിലെ ദുർജൻപുർ ഗ്രാമത്തിൽ ഉന്നത ഭരണാധികാരികളുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ ചേർന്ന യോഗത്തിനിടെ ഒരാളെ ബിജെപി നേതാവ് വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ദേശീയ സുരക്ഷാ ആക്ട്, ഗുണ്ടാ ആക്ട് എന്നിവ പ്രകാരം കുറ്റം ചുമത്തും. എട്ടുപേരാണ് പ്രതിപ്പട്ടികയിലുള്ളത്.
ബിജെപി നേതാവ് ധീരേന്ദ്രപ്രസാദ് സിംഗ് ഉൾപ്പെടെ ആറുപേർ ഒളിവിലാണ്. രണ്ടുപേരാണ് ഇതുവരെ പിടിയിലായത്.എൻഎസ്എ ചുമത്താനുള്ള നടപടികൾ ആരംഭിച്ചതായും പ്രതികളെക്കുറിച്ചു സൂചന നല്കുന്നവർക്ക് അരലക്ഷം രൂപ പ്രതിഫലം നല്കുമെന്നും അസംഗഢ് റേഞ്ച് ഡിഐജി സുഭാഷ് ചന്ദ്ര ദുബെ പറഞ്ഞു. എൻഎസ്എ ആക്ടിൽ ഒരു വർഷംവരെ കേസെടുക്കാതെ ഒരാളെ കസ്റ്റഡിയിൽ വയ്ക്കാൻ പോലീസിന് അധികാരം നല്കുന്നുണ്ട്.