റിസർവ് ബാങ്കിൽനിന്നു സർക്കാരിനു പ്രഹരം
Friday, December 6, 2019 12:37 AM IST
മുംബൈ: പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ തെറ്റിച്ച റിസർവ് ബാങ്ക് സാന്പത്തിക വളർച്ച കുത്തനെ താഴുമെന്നു പ്രവചിച്ചു. വിലക്കയറ്റം വർധിക്കുമെന്ന മുന്നറിയിപ്പും നൽകി. കേന്ദ്ര സർക്കാരിനു കനത്ത പ്രഹരമായി റിസർവ് ബാങ്കിന്റെ പണനയ അവലോകനം.
സർക്കാരിന്റെയും വ്യവസായികളുടെയും പ്രതീക്ഷ പലിശ കാൽശതമാനമെങ്കിലും കുറയ്ക്കുമെന്നായിരുന്നു. എന്നാൽ, തുടർച്ചയായി അഞ്ചുതവണ കുറച്ച റീപോ നിരക്ക് ഇപ്പോൾ കുറയ്ക്കേണ്ടെന്നു പണനയ കമ്മിറ്റി ഏകകണ്ഠമായി തീരുമാനിച്ചു. റീപോ നിരക്ക് 5.15 ശതമാനത്തിൽ തുടരും.
2019-20ലെ ജിഡിപി വളർച്ച അഞ്ചു ശതമാനമേ വരൂ എന്നാണ് ബാങ്ക് പറഞ്ഞത്. ആദ്യം ഏഴും പിന്നീട് 6.1 ഉം ശതമാനം വളർച്ച പ്രവചിച്ചിരുന്നതാണ്. പ്രവചനം ഇത്രയും താഴ്ത്തുമെന്നു ഗവൺമെന്റ് കണക്കാക്കിയിരുന്നില്ല. വളർച്ചത്തോത് കൂടാൻ കൂടുതൽ സമയം വേണമെന്നും ബാങ്ക് പറഞ്ഞു. ഇതു സർക്കാർ നിലപാടിനു വിരുദ്ധമാണ്.
ചില്ലറ വിലക്കയറ്റം ഇനിയും കൂടുമെന്നു ജനുവരിയോടെ 5.1 ശതമാനത്തിലെത്തുമെന്നും റിസർവ് ബാങ്ക് ഗവർണർ ശക്തികാന്തദാസ് പറഞ്ഞു. എല്ലാത്തവണയും പലിശ കുറയ്ക്കാൻ പറ്റില്ലെന്നാണ് ഒരു ചോദ്യത്തിനുത്തരമായി ദാസ് പറഞ്ഞത്. വിലക്കയറ്റം കൂടുന്നതാണു പലിശ കുറയ്ക്കലിനു തത്കാലം അവധി നൽകാൻ കാരണമായി ചൂണ്ടിക്കാട്ടിയത്.