വാരാണസിയിൽ പ്രിയങ്കയുടെ വൻ റോഡ് ഷോ
Wednesday, May 15, 2019 11:44 PM IST
വാരാണസി: പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വാരാണസിയിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ വൻ റോഡ്ഷോ പ്രവർത്തകർക്ക് ആവേശമായി.
ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി ഗേറ്റിൽ മദൻ മോഹൻ മാളവ്യയുടെ പ്രതിമയിൽ ഹാരാർപ്പണം നടത്തിയശേഷമായിരുന്നു റോഡ്ഷോ ആരംഭിച്ചത്. വാരാണസിയിലെ കോൺഗ്രസ് സ്ഥാനാർഥി അജയ് റായി, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ എന്നിവരും പ്രിയങ്കഗാന്ധിക്കൊപ്പം ഉണ്ടായിരുന്നു. പ്രിയങ്കയ്ക്ക് അഭിവാദ്യമർപ്പിച്ച് ആയിരക്കണക്കിനു കോൺഗ്രസ് പ്രവർത്തകർ റോഡിന് ഇരുവശവും അണിനിരന്നു. ദശാശ്വമേധ് ഘട്ടിലായിരുന്നു റോഡ് ഷോ അവസാനിച്ചത്. പിന്നീട് കാശി വിശ്വനാഥ ക്ഷേത്രത്തിലും കോട്വാലി കാലഭൈരവ ക്ഷേത്രത്തിലും പ്രിയങ്ക പ്രാർഥന നടത്തി.