വോട്ടർമാരോടു രാഹുൽ; ‘നീതിക്കുവേണ്ടി വോട്ട് ചെയ്യൂ...’
Thursday, April 18, 2019 11:13 PM IST
ന്യൂഡൽഹി: നീതിക്കുവേണ്ടി (ന്യായ്) വോട്ട് ചെയ്യാൻ വോട്ടർമാരോടു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ അഭ്യർത്ഥന. തൊഴിൽരഹിതരായ യുവാക്കൾക്കും ജീവിതദുരിതം നേരിടുന്ന കർഷകർക്കും മതത്തിന്റെയും ജാതിയുടേയും പേരിൽ ഹിംസിക്കപ്പെടുന്നവർക്കും നീതി ഉറപ്പാക്കുകയാണു വോട്ട്ചെയ്യുന്പോൾ ലക്ഷ്യമിടേണ്ടതെന്നാണ് അദ്ദേഹം ട്വിറ്ററിൽ പറഞ്ഞു. പ്രകടനപത്രികയിൽ കോൺഗ്രസ് വാഗ്ദാനം ചെയ്തിരിക്കുന്ന സാമൂഹ്യസുരക്ഷാപദ്ധതി ‘ന്യായ്’ ഓർമയിലെത്തുംവിധമാണു രാഹുലിന്റെ ട്വീറ്റ്.
‘നീതിക്ക് വോട്ട്, കോൺഗ്രസിന് വോട്ട്’ എന്ന ഹാഷ് ടാഗോടെയായിരുന്നു രാഹുലിന്റെ അഭ്യർഥന.
അധികാരത്തിലെത്തിയാൽ ദാരിദ്രരേഖയ്ക്കു താഴെ കഴിയുന്ന കുടുംബങ്ങൾക്കു പ്രതിവർഷം 72,000 രൂപ വരുമാനം ഉറപ്പാക്കുന്ന ന്യായ് പദ്ധതി നടപ്പാക്കുമെന്നു കോൺഗ്രസ് വാഗ്ദാനം ചെയ്തിട്ടുണ്ട്.