സംസ്ഥാനം കടുത്ത ഞെരുക്കത്തിൽ: സിഎജി
Friday, October 10, 2025 3:26 AM IST
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സന്പദ്ഘടന കടുത്ത ഞെരുക്കത്തിലെന്ന് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ട്.
ബജറ്റിനു പുറത്തുള്ള കടമെടുപ്പുകൂടി പരിഗണിക്കുന്പോൾ മൊത്തം ബാധ്യത ആഭ്യന്തര മൊത്ത വരുമാനത്തിന്റെ 37.84 ശതമാനമാണ്. 2023-24 സാന്പത്തിക വർഷത്തെ സംസ്ഥാനത്തിന്റെ ധനസ്ഥിതിയേക്കുറിച്ചുള്ള റിപ്പോർട്ടിലാണ് ഈ നിരീക്ഷണം ഉൾപ്പെടുത്തിയിട്ടുള്ളത്.
ബജറ്റിനു പുറത്തുള്ള കടം ഉൾപ്പെടെയുള്ള ആകെ ബാധ്യതകൾ 2019-20 മുതൽ 2023-24 സാന്പത്തിക വർഷം വരെയുള്ള കാലയളവിൽ പ്രതിവർഷം ശരാശരി 11.61 ശതമാനം വളർന്നിട്ടുണ്ട്. കടബാധ്യതകൾ ക്രമമായി വർധിച്ചു വരുന്നതായാണ് കാണുന്നത്.
കടമെടുക്കുന്ന തുകയിൽ സിംഹഭാഗവും നിത്യനിദാന ചെലവുകൾക്കാണു വിനിയോഗിക്കുന്നത്. കടമെടുത്ത തുകയുടെ 5.18 ശതമാനം മാത്രമാണ് വികസനപ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചത്. സംസ്ഥാനത്തിന്റെ ആകെ മൂലധന ചെലവ് 13,584.45 കോടി രൂപയായിരുന്നു. ഇത് ആകെ ചെലവിന്റെ 8.52 ശതമാനം മാത്രമാണ്.
ശന്പളം, പെൻഷൻ, പലിശ ഇനത്തിലുള്ള ചെലവ് ആകെ ചെലവിന്റെ 65.01 ശതമാനമായിരുന്നു. തദ്ദേശസ്ഥാപനങ്ങൾക്കുള്ള വിഹിതം ഉൾപ്പെടെയുള്ള മറ്റ് ഒഴിവാക്കാനാകാത്ത ചെലവുകൾ കൂടി പരിഗണിച്ചാൽ ആകെ ചെലവിന്റെ 74.83 ശതമാനം വരും. വികസന പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള മറ്റു കാര്യങ്ങൾക്കു ചെലവഴിക്കാൻ പണമില്ലാത്ത സ്ഥിതി ഇതുവഴി ഉണ്ടാകുകയാണ്.
2023-24 സാന്പത്തികവർഷം കേരളം 11.97 ശതമാനം വളർച്ച കൈവരിച്ചു. മൊത്തം ആഭ്യന്തര ഉത്പാദനം തലേവർഷത്തെ 10,23,602 കോടിയിൽനിന്ന് 11,46,109 കോടിയായി വർധിച്ചു. ദേശീയ വളർച്ചാനിരക്കായ 9.60 ശതമാനത്തേക്കാൾ മെച്ചപ്പെട്ട വളർച്ച കൈവരിക്കാൻ കേരളത്തിനു സാധിച്ചു.
കേരളത്തിന്റെ ആളോഹരി വരുമാനം 3,17,723 രൂപയാണ്. ദേശീയ തലത്തിൽ ഇത് 2,11,725 ആണ്. ദേശീയ ശരാശരിയേക്കാൾ 33.36 ശതമാനം അധികമാണ് കേരളത്തിന്റെ ആളോഹരി വരുമാനം.