ഡോക്ടറുടെ ആരോഗ്യനിലയില്‍ പുരോഗതി; റൂമിലേക്ക് മാറ്റി
Friday, October 10, 2025 2:45 AM IST
കോഴിക്കോട്: അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച പെണ്‍കുട്ടിയുടെ അച്ഛന്റെ വെട്ടേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന താമരശേരി താലൂക്ക് ആശുപത്രിയിലെ അസി. മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.പി. വിപിന്റെ ആരോഗ്യ നിലയില്‍ പുരോഗതി. ഇന്നലെ ഡോക്ടറെ റൂമിലേക്കു മാറ്റി. ബുധനാഴ്ച അര്‍ധരാത്രി ഡോക്ടര്‍ക്കു ശസ്ത്രക്രിയ നടത്തിയിരുന്നു.
ബുധനാഴ്ച ഉച്ചയ്ക്കാണ് സൂപ്രണ്ടിന്റെ മുറിയില്‍വച്ച് ഡോക്ടര്‍ക്കു വെട്ടേറ്റത്. അമീബീക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച ഒമ്പതുകാരി അനയയുടെ അച്ഛന് താമരശേരി കോരങ്ങാട് ആനപ്പാറപൊയില്‍ സനൂപാണു വെട്ടിയത്. താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ അനാസ്ഥകാരണമാണ് മകള്‍ മരിച്ചതെന്നാരോപിച്ചായിരുന്നു ആക്രമണം.
സനൂപിനെ ഇന്നലെ കോടതി രണ്ടാഴ്ചത്തേക്കു റിമാന്‍ഡ് ചെയ്തു. അടിയന്തരമായി സുരക്ഷാസംവിധാനങ്ങള്‍ തുടങ്ങുന്നത് വരെയും മാനവ വിഭവശേഷിക്കുറവ് പരിഹരിക്കുന്നത് വരെയും താമരശേരി താലൂക്ക് ആശുപത്രിയിലുള്ള അത്യാഹിത വിഭാഗം ഉള്‍പ്പെടെയുള്ള യാതൊരു സേവനവും ലഭ്യമാക്കില്ലെന്ന് കെജിഎംഒഎ നേതാക്കള്‍ അറിയിച്ചു.
ആക്രമണത്തില്‍ പ്രതിഷേധിച്ച് കെജിഎംഒഎയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ജില്ലയിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പണിമുടക്കി. അത്യാഹിതവിഭാഗം മാത്രമാണ് പ്രവര്‍ത്തിച്ചത്. സമരം പൂര്‍ണമായിരുന്നു. മാനാഞ്ചിറ എസ്.കെ. പൊറ്റക്കാട്ട് സ്ക്വയറില്‍ കെജിഎംഒഎ പ്രതിഷേധ ധര്‍ണയും മാര്‍ച്ചും സംഘടിപ്പിച്ചു. ധര്‍ണ മുന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ടി.എന്‍. സുരേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ. ലിസി അധ്യക്ഷത വഹിച്ചു.
വന്ദനാദാസിന്റെ കൊലപാതകത്തിനു ശേഷം സംഘടന ഉന്നയിച്ച ആവശ്യങ്ങളും ഗവണ്മെന്റ് തന്നെ നടപ്പിലാക്കുമെന്ന് പറഞ്ഞ സുരക്ഷാ സംവിധാനങ്ങളും ജലരേഖകളായ മാറിയ സാഹചര്യത്തില്‍ ആശുപത്രി സുരക്ഷ നടപ്പിലാക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന് കെജിഎംഒഎ നേതാക്കള്‍ അറിയിച്ചു.
അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും: സനൂപിന്റെ ഭാര്യ
മകള്‍ അനയ പനിബാധിച്ച് മരിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് ഡോക്ടറെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ അറസ്റ്റിലായ സനൂപിന്റെ ഭാര്യ രംബീസ. മകളുടെ മരണത്തില്‍ നീതി വേണം.
മകള്‍ മരിച്ചത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ചല്ലെന്നു ഡോക്ടര്‍മാര്‍ അന്ന് പറഞ്ഞിരുന്നു. പിന്നീട് മൊഴി മാറ്റുകയാണ് ചെയ്തത്. ഇനി ഒറ്റയ്ക്ക് നിയമ പോരാട്ടം നടത്തുമെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് മുക്കുമോയെന്നു സംശയിക്കുന്നുവെന്നും അവര്‍ പറഞ്ഞു.
പനിബാധിച്ച മകളെ നേരത്തേഎത്തിച്ചിരുന്നുവെങ്കില് രക്ഷപ്പെടുത്താമായിരുന്നുവെന്ന് മെഡിക്കൽ കോളജിലെ ഡോക്ടര്‍ പറഞ്ഞിരുന്നു. അനയയുടെ മരണശേഷം സനൂപ് മാനസിക സമ്മര്‍ദത്തിലായി. രാത്രിയില്‍ ഉറക്കമില്ലാതെ വീടിനു ചുറ്റും നടക്കുമായിരുന്നു.
രാത്രി മക്കളെ കെട്ടിപ്പിടിച്ച് കരഞ്ഞുകൊണ്ടിരിക്കാറുണ്ടെന്നും ഭാര്യ പറഞ്ഞു. സനൂപ് പ്രതികരിച്ച രീതി ശരിയായില്ല. നിയമപരമായി മുന്നോട്ടു നീങ്ങുകയായിരുന്നു ചെയ്യേണ്ടത്.
അതേസമയം, അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച സനൂപിന്റെ മകള്‍ അനയയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്ന് താമരശേരി പോലീസ് അറിയിച്ചു. രാസപരിശോധനാ ഫലം ലഭിക്കാത്തതാണ് അന്തിമ റിപ്പോര്‍ട്ട് വൈകുന്നതിന് കാരണമെന്നാണ് പോലീസ് പറയുന്നത്.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ മരണ കാരണം വ്യക്തമാക്കിയുള്ള മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ. മരണകാരണം അമീബിക് മസ്തിഷ്ക ജ്വരമല്ല എന്ന തരത്തില്‍ ഒരു റിപ്പോര്‍ട്ടും ലഭിച്ചിട്ടില്ലെന്നാണ് താമരശേരി താലൂക്ക് ആശുപത്രി അധികൃതര്‍ പറയുന്നത്.