ഭൂട്ടാന് വാഹന കടത്ത്: താരങ്ങളെ ചോദ്യം ചെയ്യാന്‍ ഇഡി
Friday, October 10, 2025 2:45 AM IST
കൊച്ചി: ഭൂട്ടാന് വാഹന കടത്ത് സംഭവത്തില്‍ നടന്മാരായ ദുല്‍ഖര്‍ സല്മാന്, അമിത് ചക്കാലയ്ക്കല്‍, പൃഥ്വിരാജ് സുകുമാരന്‍ എന്നിവരെ ചോദ്യം ചെയ്യാനൊരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി).
നടപടികളുടെ ഭാഗമായി താരങ്ങള്‍ക്ക് ഇഡി നോട്ടീസ് നല്‍കും. കഴിഞ്ഞ ദിവസം നടന്ന പരിശോധനകളില്‍ ലഭിച്ച വിവരങ്ങള്‍ വിശദമായി പരിശോധിച്ച ശേഷമാകും ചോദ്യം ചെയ്യല്‍ നപടികളിലേക്ക് കടക്കുക. ബാങ്ക് അക്കൗണ്ട് വിവരങ്ങളടക്കം ഹാജരാക്കാന്‍ താരങ്ങളോട് നിര്‍ദേശിക്കും.
നികുതി വെട്ടിച്ച് ഭൂട്ടാനില്‍ നിന്ന് വാഹനങ്ങള്‍ എത്തിച്ചതിലെ സാമ്പത്തിക ഇടപാടുകളില്‍ ഹവാല നെറ്റ്വര്‍ക്കിന്റെ സാന്നിധ്യം ഇഡി സംശയിക്കുന്നുണ്ട്. വാഹനം ഇത്തരത്തില്‍ എത്തിച്ചവയാണെന്ന് താരങ്ങള്‍ക്ക് നേരത്തെ അറിയാമായിരുന്നതായാണ് ഇഡി സംശയിക്കുന്നത്. ഈ കാര്യങ്ങളിലടക്കം ചോദ്യം ചെയ്യലില്‍ വ്യക്തത തേടും. കഴിഞ്ഞ ദിവസം നടന്ന റെയ്ഡില്‍ ലഭിച്ച രേഖകളും വിവരങ്ങളും പരിശോധിച്ച ശേഷമായിരിക്കും തുടര്‍നീക്കം.
ദുല്‍ഖര്‍ സല്‍മാനില്‍ നിന്ന് ഉള്‍പ്പെടെ ലഭിച്ച മൊഴികളും ഇഡി സംഘം പരിശോധിച്ചു വരികയാണ്. ഇതിന് ശേഷമാകും കേസില്‍ ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്യുക. ദുല്‍ഖര്‍ ഉള്‍പ്പെടെയുള്ളവര്‍ ഫെമ ചട്ടം ലംഘിച്ചെന്നാണ് ഇഡിയുടെ പ്രാഥമിക കണ്ടെത്തല്‍. ഫെമ ചട്ടത്തിലെ 3, 4, 8 വകുപ്പുകളുടെ ലംഘനം നടന്നിട്ടുള്ളതായാണ് ഇഡിയുടെ വാദം.
അതേസമയം കസ്റ്റംസ് പിടിച്ചെടുത്ത തന്റെ വാഹനങ്ങള്‍ എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് കേരളത്തിലെത്തിച്ചിട്ടുള്ളതെന്ന് ദുല്‍ഖര്‍ കഴിഞ്ഞദിവസം നടന്ന വിവര ശേഖരണത്തിനിടെ ഇഡി ഉദ്യോഗസ്ഥരെ അറിയിച്ചതായാണ് വിവരം.
ഇതിന്റെ രേഖകളും ദുല്‍ഖര്‍ ഹാജരാക്കിയതായി അറിയുന്നു. വാഹനത്തിന്റെ മുമ്പുള്ള ഉടമസ്ഥനെ അറിയില്ല. ഇവ ഭൂട്ടാനനില് നിന്ന് ഇത്തരത്തില്‍ എത്തിച്ചവയാണെന്ന് അറിയില്ലായിരുന്നു എന്നുമാണ് ദുല്‍ഖര്‍ വ്യക്തമാക്കിയിട്ടുള്ളത്.എന്നാല്‍ ദുല്‍ഖറിനടക്കം വാഹനം വാങ്ങിയ എല്ലാവര്ക്കും ഇതേക്കുറിച്ച് അറിയാമായിരുന്നതായാണ് ഇഡി സംശയിക്കുന്നത്.
ഭൂട്ടാന് മാത്രമല്ല, നേപ്പാളും ഉണ്ട്
നികുതി വെട്ടിച്ചുള്ള വാഹന കടത്തില്‍ നേരത്തെ ഭൂട്ടാന്റെ പേര് മാത്രമാണ് കസ്റ്റംസ് പരാമര്‍ശിച്ചിരുന്നതെങ്കില്‍ ഇഡി അന്വേഷണത്തില്‍ നേപ്പാളിന്റെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കോയമ്പത്തൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരുസംഘം ഭൂട്ടാന്, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങള്‍ വഴി ലാന്‍ഡ് ക്രൂസര്‍, ഡിഫന്‍ഡര്‍ തുടങ്ങിയ വാഹങ്ങള്‍ അനധികൃതമായി ഇറക്കുമതി ചെയ്ത് വ്യാജ രേഖ നിര്‍മിച്ച് ചലച്ചിത്ര താരങ്ങള്‍ക്കടക്കം വില്പന നടത്തുന്നതായാണ് ഇഡിയുടെ കണ്ടെത്തല്‍.