ആശ പഠന കമ്മിറ്റി റിപ്പോര്‍ട്ട് നിരാശാജനകം: അസോസിയേഷന്
Friday, October 10, 2025 12:40 AM IST
തിരുവനന്തപുരം: ആശ സമരത്തെ തുടര്‍ന്ന് സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയുടെ പഠന റിപ്പോര്‍ട്ട് തീര്‍ത്തും നിരാശാജനകവും നിഷേധാത്മകവുമെന്നു കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് വി.കെ. സദാനന്ദന്, വൈസ് പ്രസിഡന്റ് എസ്. മിനി എന്നിവര്‍ അറിയിച്ചു.
അഞ്ചംഗ സമതിയിലെ നാലുപേരും സ്ത്രീകളായ ഈ കമ്മിറ്റിയില്‍ നിന്നും ഇത്രമാത്രം തൊഴിലാളിവിരുദ്ധവും സ്ത്രീവിരുദ്ധമായ സമീപനം ഉണ്ടായതില്‍ ഞങ്ങള്‍ക്ക് പ്രതിഷേധമുണ്ട്.
ആശാസമരമുയര്ത്തിയ ജീവല്‍പ്രശ്നങ്ങളെ ഒട്ടും അഭിസംബോധന ചെയ്യാത്ത ഈ റിപ്പോട്ട് സമരത്തിന്റെ പ്രധാന ആവശ്യമായ ഓണറേറിയം വര്‍ധനയെപ്പറ്റി ആശാവഹമായ ഒരു നിര്‍ദേശംപോലും കൃത്യമായി മുന്നോട്ടു വയ്ക്കുന്നില്ല.
മറ്റൊരു പ്രധാന ആവശ്യമായ വിരമിക്കല്‍ ആനുകൂല്യത്തപ്പെറ്റി ഒരക്ഷരം പോലും റിപ്പോട്ടിലില്ല എന്നത് തികച്ചും ഖേദകരമാണ്. ഞങ്ങളെ കൂടാതെ മറ്റ് നാലു യൂണിയനുകളും ഈ രണ്ട് ആവശ്യങ്ങള്‍ കൂടി ഉള്‍പ്പെടുന്ന നിവേദനമാണ് സമര്‍പ്പിച്ചിട്ടുള്ളത് എന്നാണ് മനസിലാക്കുന്നത്.
എട്ടുമാസം പൂര്‍ത്തിയാകുന്ന ആശാ സമരം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ തലവന്‍ എന്ന നിലയില്‍ മുഖ്യമന്ത്രി ഇടപെട്ട് ഡിമാന്റുകള്‍ അംഗീകരിച്ച് ഒത്തുതീര്‍പ്പാക്കണമെന്നും അസോസിയേഷന് പ്രതിനിധികള്‍ അറിയിച്ചു.