കാൻസർ രോഗികൾക്കു കെഎസ്ആർടിസിയിൽ സൗജന്യ യാത്ര: ഗതാഗത മന്ത്രി
Friday, October 10, 2025 12:40 AM IST
തിരുവനന്തപുരം : കാൻസർ ചികിത്സയ്ക്കായി ആശുപത്രിയിൽ പോകുന്ന രോഗികൾക്കു കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര ഒരുക്കുമെന്നു മന്ത്രി കെ.ബി.ഗണേഷ് കുമാർ.
ഇന്നലെ നിയമസഭയിൽ ചോദ്യോത്തരവേളയിലായിരുന്നു മന്ത്രിയുടെ പുതിയ പ്രഖ്യാപനം. സ്വകാര്യ ആശുപത്രിയിലേക്ക് പോകുന്നവർക്കും യാത്രാ സൗജന്യമുണ്ടാകും.
സൂപ്പർഫാസ്റ്റ് മുതൽ താഴോട്ടുള്ള ബസുകളിൽ ആനുകൂല്യം ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. ഡോക്ടർ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലുള്ള പാസ് മുഖേനയാണു സൗജന്യ യാത്ര അനുവദിക്കുന്നത്.
പൊതുഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ദീർഘദൂര അന്തർസംസ്ഥാന സർവീസുകൾ എസിയാക്കും. ഊട്ടി, മൈസൂർ, ധനുഷ്കോടി, കൊടൈക്കനാൽ, തിരുപതി എന്നിവിടങ്ങളിലേക്കും സർവീസ് ആരംഭിക്കുന്നതു പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.