ശൂന്യവേളയിലും ബഹളം; സഭ നിര്‍ത്തിവച്ചു
Friday, October 10, 2025 12:40 AM IST
തിരുവനന്തപുരം: ശൂന്യവേളയിലും നിയമസഭയില്‍ ബഹളം. ഇന്നലെ ചോദ്യോത്തര വേളയില്‍ മുഴുവന്‍ സമയവും നീണ്ടു നിന്ന പ്രതിപക്ഷാംഗങ്ങളുടെ പ്രതിഷേധം ശൂന്യവേളയിലും തുടര്‍ന്നു. ചോദ്യോത്തര വേളയ്ക്കുശേഷം ശൂന്യവേളയിലേക്കു സ്പീക്കര്‍ കടന്നെങ്കിലും പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധം കടുപ്പിച്ചു.
തോമസ് കെ.തോമസിന്റെ ശ്രദ്ധക്ഷണിക്കലിനിടെയാണ് മുദ്രാവാക്യങ്ങള്‍ മുഴക്കി പ്രതിപക്ഷാംഗങ്ങള്‍ സ്പീക്കറുടെ ഡയസിനു ചുറ്റും നിലയുറപ്പിച്ചത്. ഇതിനിടെ ഐ.സി. ബാലകൃഷ്ണ്‍, സി.ആര്. മഹേഷ്, അന്‍വര്‍ സാദത്ത്, എം.വിന്‍സെന്റ് എന്നിവരാണ് പ്രതിഷേധവുമായി സ്പീക്കറുടെ ഡയസിലേക്കു കടക്കാന്‍ശ്രമിച്ചത്.
ഇവരെ വാച്ച് ആന്‍ഡ് വാര്‍ഡ് തടഞ്ഞു. സജീവ് ജോസഫ്, ചാണ്ടി ഉമ്മന്‍ എന്നിവര്‍ പിന്നാലെയെത്തിയെങ്കിലും ഏഴ് മിനിറ്റിനുശേഷം 10.07ന് നിയമസഭാ നടപടികള്‍ താത്കാലികമായി നിര്‍ത്തിവയ്ക്കുന്നതായി സ്പീക്കര്‍ അറിയിച്ചു.
പിന്നീട് 10.32ന് സഭ സമ്മേളനം പുനരാരംഭിച്ചു. രാവിലെ നടന്ന പ്രതിപക്ഷ പ്രതിഷേധത്തിലെ ഉന്തിലും തള്ളിലും ചീഫ് മാര്‍ഷലിനു പരിക്കേറ്റതായി സ്പീക്കര്‍ അറിയിച്ചു.
ശബരിമലയിലെ ദ്വാരപാലക ശില്പം കോടീശ്വരന്മാര്ക്കു വിറ്റ ആളുകള്‍ക്കെതിരേ ശക്തമായി നടപടി വേണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് ആവശ്യപ്പെട്ടു.
ഇവര്ക്കെരേ ശക്തമായി നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെടുന്നതായും സഭാ നപടികള്‍ ബഹിഷ്കരിക്കുന്നതായും പ്രതിപക്ഷ നേതാവ് പറഞ്ഞു. തുടര്‍ന്ന് മുദ്രവാക്യം വിളികളുമായി പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി.