ഒറ്റ ദിവസം പാസാക്കിയത് 11 ബില്ലുകൾ
Friday, October 10, 2025 12:40 AM IST
തിരുവനന്തപുരം: ഒറ്റ ദിവസം നിയമസഭയിൽ പാസാക്കിയത് 11 ബില്ലുകൾ. സഭാ സമ്മേളനം ഒരുദിവസം വെട്ടിച്ചുരുക്കിയതിനെ തുടർന്നാണ് ഇന്നലെ 11 ബില്ലുകൾ സഭ പരിഗണിച്ചത്.
ശബരിമല സ്വർണമോഷണ വിവാദത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചതോടെ പ്രതിപക്ഷ അഭാവത്തിലായിരുന്നു 11 ബില്ലുകൾ പാസാക്കിയത്. 2025ലെ കേരള ഏക കിടപ്പാടം സംരക്ഷണ ബിൽ, 2025ലെ കേരള സ്വകാര്യ കൈവശത്തിലുള്ള അധിക ഭൂമി (ക്രമവൽകരണ) ബിൽ കേരള വ്യവസായ ഏകജാലക ക്ലിയറൻസ് ബോർഡുകളും വ്യവസായ നഗര വികസനവും ഭേതഗതി ബിൽ എന്നിവയും പാസാക്കി.
കൂടാതെ ഗുരുവായൂർ ദേവസ്വം ഭേദഗതി ബിൽ, കേരള പബ്ലിക് സർവീസ് കമീഷൻ ഭേദഗതി ബിൽ, സർവകലാശാല നിയമങ്ങൾഭേദഗതി ബിൽ, സർവകലശാല നിയമങ്ങൾ ഭേദഗതി ബിൽ, ഡിജിറ്റൽ ശാസ്ത്ര സാങ്കേതിക നൂതനവിദ്യ സർവകലാശാല ഭേദഗതി ബിൽ, 2025ലെ മലയാള ഭാഷാ ബിൽ, പൊതുസേവനവകാശ ബിൽ, 2025ലെ ജന്തുക്കളോടുള്ള ക്രൂരതതടയൽ ഭേദഗതി ബിൽ എന്നിവയയാണ് ഇന്നലെ അവതരിപ്പിച്ചു പാസാക്കിയ മറ്റു ബില്ലുകൾ.
ഏക കിടപ്പാട ബില്ലും
തിരുവനന്തപുരം: ഏകകിടപ്പാടം പണയപ്പെടുത്തി വായ്പ എടുത്തവരിൽ മനപ്പൂർവമല്ലാതെ തിരിച്ചടവ് മുടങ്ങിയതിനാൽ കിടപ്പാടം നഷ്ടപ്പെടുന്നവർക്ക് വ്യവസ്ഥകൾക്ക് വിധേയമായി സംരക്ഷണം ലഭിക്കുന്നതിനുള്ള ഏക കിടപ്പാട ബിൽ നിയമസഭ പാസാക്കി.
ഇവരുടെ കിടപ്പാടം പണയംവച്ച വായ്പാതുക പരമാവധി അഞ്ച് ലക്ഷം രൂപയിലും പിഴപ്പലിശ ഉൾപ്പെടെ തിരിച്ചടവ് 10 ലക്ഷം രൂപയിലും കൂടരുതെന്നു ബിൽ വ്യവസ്ഥ ചെയ്യുന്നു.
വാർഷിക വരുമാനം മൂന്നു ലക്ഷം രൂപയിൽ താഴെ ആയിരിക്കണം. ഏക കിടപ്പാടം പണയപ്പെടുത്തി വിദ്യാഭ്യാസം, ചികിത്സ, വിവാഹം, ഭവന നിർമാണം, കൃഷി, സ്വയം തൊഴിൽ എന്നീ ആവശ്യങ്ങൾക്ക് വായ്പയെടുത്തവർക്കാണ് സഹായം ലഭിക്കുക.
ധനകാര്യസ്ഥാപനത്തിൽനിന്ന് വായ്പയെടുത്ത് ജപ്തിഭീഷണി നേരിടുന്ന സാധാരണക്കാർക്ക് സംരക്ഷണം നൽകുന്ന എന്ന ലക്ഷ്യത്തോടെയാണ് ബിൽ അവതരിപ്പിച്ചതെന്നു മന്ത്രി രാജീവ് നിയമസഭയിൽ പറഞ്ഞു.
അർഹരായവരെ കണ്ടെത്തുന്നതിനായി ജില്ലാതല, സംസ്ഥാനതല സമിതികൾ രൂപീകരിക്കും. ജപ്തി നടപടി നേരിടുന്ന ആൾക്ക് ജില്ലാ സമിതിയിൽ അപേക്ഷ നൽകാം.
സമിതി ധനകാര്യസ്ഥാപനവുമായി ചർച്ച നടത്തി തിരിച്ചടവ് പുനഃക്രമീകരിക്കാൻ ശ്രമിക്കും. ഈ ശ്രമം വിജയിച്ചില്ലെങ്കിൽ തിരിച്ചടവ് തുക പൂർണമായോ ഭാഗികമായോ സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്നതുൾപ്പെടെയുള്ള ശിപാർശകൾ നൽകുമെന്നും ബിൽ വ്യവസ്ഥ ചെയ്യുന്നു. നിയമസഭ പാസാക്കിയ ബിൽ ഗവർണർ ഒപ്പിടുന്നതോടെ നിയമമായി മാറും.