ശബരിമല സ്വർണപ്പാളി : ഇന്നലെയും ബഹളമയം
Friday, October 10, 2025 12:40 AM IST
തിരുവനന്തപുരം : ശബരിമല സ്വർണപ്പാളി വിഷയത്തിൽ ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു പ്രതിപക്ഷം ഇന്നലെയും സഭാ നടപടികൾ തടസപ്പെടുത്തി. എന്നാൽ പ്രതിഷേധത്തിനിടയിലും സ്പീക്കർ ചോദ്യോത്തരവേള പൂർത്തിയാക്കി.
ബാനറും പ്ലക്കാർഡുകളുമായെത്തിയ പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തെ സ്പീക്കർ എ.എൻ.ഷംസീർ കൂസാക്കിയില്ല. ഡയസിലേക്ക് ഉയർത്തിയ ബാനർ നീക്കം ചെയ്യാൻ സ്പീക്കർ വാച്ച് ആൻഡ് വാർഡിനു നിർദേശം നൽകി.
ഉടൻ തന്നെ വാച്ച് ആൻഡ് വാർഡ് ബലം പ്രയോഗിച്ചു ബാനർ നീക്കി. ഡയസിന്റെ ഇരുവശങ്ങളിലും വാച്ച് ആൻഡ് വാർഡ് സ്പീക്കർക്കു സംരക്ഷണം ഒരുക്കി. ഒടുവിൽ രണ്ടാമത്തെ ബാനർ നിയമസഭാ സെക്രട്ടറിയിരിക്കുന്നതിനു മുന്നിൽ ഉയർത്തിപ്പിടിച്ചു പ്രതിഷേധിക്കേണ്ടി വന്നു പ്രതിപക്ഷത്തിന്. രാവിലെ സഭ സമ്മേളിച്ചയുടൻ പ്രതിപക്ഷം ബഹളം വച്ചു.
തുടർന്നു സംസാരിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, വാച്ച് ആൻഡ് വാർഡിനെ ഉപയോഗിച്ചു സ്പീക്കർ പ്രതിപക്ഷത്തെ പ്രതിരോധിക്കാൻ ശ്രമിച്ചെന്നും മുഖ്യമന്ത്രി പ്രതിപക്ഷാംഗത്തെ ബോഡി ഷെയ്മിംഗ് നടത്തിയെന്നും പറഞ്ഞു.
എന്നാൽ ഇടപെട്ട സ്പീക്കർ വിഷയം ശൂന്യവേളയിൽ ഉന്നയിച്ചോയെന്നു പ്രതിപക്ഷ നേതാവിനോടു ചോദിച്ചു. ക്രമപ്രശ്നങ്ങൾ ശൂന്യവേളയിലാണ് ഉന്നയിക്കേണ്ടതെന്ന് അറിയാത്ത ആളാണോ പ്രതിപക്ഷ നേതാവെന്നും അദ്ദേഹം ഔട്ട് ഓഫ് ദ സിലബസിലേക്കു പോവുകയാണെന്നും സ്പീക്കർ കുറ്റപ്പെടുത്തി.
പ്രതിഷേധം രേഖപ്പെടുത്താനുണ്ടെങ്കിൽ ആ അവകാശം അനുവദിക്കുമെന്നും അല്ലാതെ പ്രസംഗം നടത്താനാവില്ലെന്നും സ്പീക്കർ വ്യക്തമാക്കി. എന്നാൽ മന്ത്രിമാർ വായിൽതോന്നിയതു പറഞ്ഞപ്പോൾ ഒന്നും തോന്നാത്ത സ്പീക്കർ നിഷ്പക്ഷമായല്ല പ്രവർത്തിക്കുന്നതെന്നായിരുന്നു സതീശന്റെ മറുപടി. ശബരിമല വിഷയത്തിൽ ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നും ദേവസ്വം ബോർഡിനെ പുറത്താക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകുമെന്നും സതീശൻ പറഞ്ഞു.
തുടർന്നു മന്ത്രി എം. ബി.രാജേഷ് സംസാരിക്കാനായി എഴുന്നേറ്റു. മുഖ്യമന്ത്രിയെ കുറിച്ചു സതീശൻ പറഞ്ഞതു വസ്തുതാവിരുദ്ധമണെന്നും അദ്ദേഹം ഒരംഗത്തിന്റെയും പേരു പറഞ്ഞിട്ടില്ലെന്നും രാജേഷ് പറഞ്ഞു.
ഇതിനിടെ അൻവർ സാദത്ത്, റോജി എം. ജോണ്, ചാണ്ടി ഉമ്മൻ തുടങ്ങിയവർ സ്പീക്കറുടെ ഡയസിനു മുന്നിലേയ്ക്കു പാഞ്ഞടുത്തു. വാച്ച് ആൻഡ് വാർഡുകൾ ഓടിയെത്തി ഡയസിനു മുന്നിൽ പ്രതിരോധം തീർത്തു.
ചീഫ് മാർഷലിനു പരിക്ക്
തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തിനിടെ സ്പീക്കറുടെ ഡയസിലേക്കുള്ള പടികളിലേക്ക് ഓടിക്കയറാൻ ശ്രമിച്ച അൻവർ സാദത്തിനെ തടയാൻ ശ്രമിക്കുന്നതിനിടെ വാച്ച് ആൻഡ് വാർഡുമാരുമായുണ്ടായ ഉന്തിലും തള്ളിനുമിടെ ചീഫ് മാർഷൽ ഷിബുവിനു കഴുത്തിനു പരിക്കേറ്റു. ഇദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.