ആയുധങ്ങള്‍ വാങ്ങല്‍; ഡിജിപിയുടെ സാമ്പത്തിക നിയന്ത്രണങ്ങള്‍ നീക്കാന്‍ ശിപാര്‍ശ
Friday, October 10, 2025 12:40 AM IST
റിച്ചാര്‍ഡ് ജോസഫ്
തിരുവനന്തപുരം: ആയുധങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് മേധാവിയുടെ സാമ്പത്തിക അധികാരങ്ങള്‍ക്കുള്ള എല്ലാ നിയന്ത്രണങ്ങളും നീക്കുന്നതിനു ശിപാര്‍ശ.
പോലീസ് വകുപ്പിന്റെ പര്‍ച്ചേസുകള്‍ക്കും സേവന കരാറുകള്‍ക്കും പ്രത്യേകം മാനദണ്ഡങ്ങളും ചട്ടങ്ങളും രൂപീകരിക്കുന്നതിനായി നിയോഗിച്ച റിട്ടയേര്‍ഡ് ജസ്റ്റീസ് സി.എന്‍. രാമചന്ദ്രന് നായര്‍ അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ടിലാണ് ശിപാര്‍ശ.
ഓര്‍ഡിനന്‍സ് ഫാക്ടറി ബോര്‍ഡില്‍ നിന്നോ കേന്ദ്ര പോലീസ് ഏജന്‍സികളില്‍ നിന്നോ ഇറക്കുമതിയിലൂടെയോ മറ്റേതെങ്കിലും രീതിയിലോ ആയുധങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ടാണ് നിര്‍ദേശം. ആയുധങ്ങള്‍ വാങ്ങുന്നതിനും ഫണ്ട് അനുവദിക്കുന്നതിനും സര്‍ക്കാരിന്റെ അനുമതി തേടാം. ചെലവ് വഹിക്കുന്നതിനാവശ്യമായ ഫണ്ട് സംസ്ഥാന പോലീസ് മേധാവിക്ക് അനുവദിക്കുകയും ചെയ്യാം.
സംസ്ഥാന പോലീസ് ആയുധങ്ങള്‍ വാങ്ങുന്നത് കേന്ദ്ര സായുധ പോലീസ് സേനയില്‍ നിന്നോ ഇന്ത്യാ ഗവണ്മെന്റിന്റെ ആഭ്യന്തര മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ഓര്‍ഡിനന്‍സ് ഫാക്ടറി ബോര്‍ഡില്‍ നിന്നോ ആണ്. പോലീസ് വാങ്ങുന്ന റൈഫിളുകള്‍ പ്രധാനമായും പരിശീലന സമയത്ത് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്നതിനായാണ് ഉപയോഗിക്കുന്നത്. പോലീസ് ബറ്റാലിയനുകള്‍ക്കും റൈഫിളുകള്‍ നല്‍കുന്നുണ്ട്.
പോലീസ് സ്റ്റേഷനുകള്‍ക്ക് പരിമിതമായ എണ്ണത്തില്‍ മാത്രമേ റൈഫിളുകള്‍ നല്‍കുന്നുള്ളൂ. പോലീസിനു സാധാരണ ഓപ്പറേഷനുകളില്‍ റൈഫിളുകളുടെ ഉപയോഗം ആവശ്യമായി വരാറില്ല. വിരളമായി നക്സലുകളെയോ തീവ്രവാദികളെയോ കണ്ടെത്താന്‍ വനങ്ങളില്‍ കോമ്പിംഗ് ഓപ്പറേഷനുകള്‍ നടത്തുന്ന വേളയിലാണ് റൈഫിളുകളുടെ ഉപയോഗം വരുന്നത്.
പോലീസ് സേന റൈഫിളുകള്‍ ഉപയോഗിക്കുന്ന സാഹചര്യത്തില്‍ വെടിക്കോപ്പുകള്‍ പാഴാക്കാതെ ഉപയോഗിക്കാനുള്ള പരിശീലനം നല്‍കണമെന്നും കമ്മീഷന് നിര്‍ദേശിച്ചു.
സര്‍ക്കാരിന്റെ അനുമതിയോടെ വിദേശ വിതരണക്കാരില്‍ നിന്നും നേരിട്ട് ചര്‍ച്ച നടത്തി ആയുധങ്ങള്‍ വാങ്ങുന്നതിനു സംസ്ഥാന പോലീസ് മേധാവിക്ക് അനുവാദം നല്‍കാം. എന്നാല്‍ അത്തരം വാങ്ങലുകള്‍ കമ്മിറ്റിയുടെ അംഗീകാരത്തോടെ വേണം നടപ്പാക്കാന്‍.
വിദേശനാണ്യം നല്കി ഇറക്കുമതി നടത്തേണ്ടതിനാല്‍ ഇറക്കുമതി ലൈസന്‍സ്, തീരുവ അടയ്ക്കല്‍, മറ്റു നിയന്ത്രണങ്ങള്‍ എന്നിവയെക്കുറിച്ചുള്ള കേന്ദ്രസര്‍ക്കാര്‍ നിയമങ്ങള്‍ പോലീസ് വകുപ്പ് പാലിക്കേണ്ടതുണ്ട്. അത്തരം ആയുധ സംഭരണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികളുമായി ബന്ധപ്പെട്ടു മാത്രം നടപ്പാക്കണമെന്നും കമ്മീഷന് നിര്‍ദേശിക്കുന്നു.