ആറു വർഷമായി ആവോളം കരുതലുമായി ആവേ മരിയ
Friday, October 10, 2025 2:45 AM IST
കോട്ടയം: കാൻസർ രോഗികൾക്കു കെഎസ്ആർടിസി ബസിൽ സൗജന്യയാത്ര നൽകുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാർ കഴിഞ്ഞ ദിവസം നിയമസഭയിൽ പ്രഖ്യാപിച്ചത് കേരളം കൈയടിയോടെയാണ് സ്വീകരിച്ചത്. എന്നാൽ, കാൻസർ-വൃക്ക രോഗികൾക്ക് ആറു വർഷത്തിലേറെയായി സൗജന്യയാത്ര സമ്മാനിക്കുന്ന കാരുണ്യച്ചിറകുള്ള മാലാഖമാരാണ് ആവേ മരിയ ബസ് ഗ്രൂപ്പ്.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു പോകുന്ന കാൻസർ-വൃക്കരോഗികളെ കൂടാതെ അന്ധർ, ബധിരർ, മൂകർ എന്നിവർക്കും തങ്ങളുടെ ബസുകളിൽ സൗജന്യയാത്ര സമ്മാനിച്ചുകൊണ്ടാണ് കുറുപ്പന്തറ ചിറയിൽ ജയ്മോൻ ആറു വർഷം മുന്പ് വാർത്തകളിൽ നിറഞ്ഞത്. ഇന്ന് ആവേ മരിയ അടക്കം വിവിധ പേരുകളിൽ സർവീസ് നടത്തുന്ന ഗ്രൂപ്പിലെ 56 ബസുകളിൽ രോഗികൾക്ക് ആ സൗജന്യങ്ങൾ തുടരുന്നുണ്ട്.
രോഗികൾക്കായി പ്രത്യേക പാസും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനകം ഇരുനൂറ്റിന്പതിലേറെ പേർ സൗജന്യയാത്രയ്ക്കായി പാസ് വാങ്ങിയിട്ടുണ്ടെന്ന് ഉടമ ജയ്മോൻ പറയുന്നു. ഇപ്പോഴും പാസ് ആവശ്യപ്പെട്ട് എത്തുന്നവർക്ക് നൽകുന്നുണ്ട്. നൂറോളം പേർ ഈ പാസുകൾ ആവശ്യമനുസരിച്ച് ഉപയോഗിക്കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു.
ജയ്മോനും ഭാര്യ ഷിബിയും മക്കളായ മരിയ, അന്ന, എൽസ എന്നിവരും ഒന്നുചേർന്നാണ് കാരുണ്യത്തിന്റെ തീരുമാനം അന്നു കൈക്കൊണ്ടത്. ഇവർ മുൻകൈയെടുത്ത് വിവിധ ക്ഷേമപദ്ധതികളും നടപ്പാക്കുന്നുണ്ട്.
കേരളം മുഴുവൻ രോഗികൾക്കു സൗജന്യയാത്ര എന്ന തീരുമാനത്തിലേക്കു കെഎസ്ആർടിസി എത്തിയതു വലിയ കാര്യമാണെന്നും അതിൽ അതിയായ സന്തോഷമുണ്ടെന്നും ജയ്മോൻ കൂട്ടിച്ചേർത്തു.