എംഎൽഎമാരുടെ സസ്പെൻഷനു പിന്നിൽ സ്പീക്കറുടെ ഗൂഢാലോചന: സണ്ണി ജോസഫ്
Friday, October 10, 2025 12:40 AM IST
തിരുവനന്തപുരം: നിയമസഭയിൽ ചീഫ് മാർഷലിനെ ആരും മർദിച്ചിട്ടില്ലെന്നും പ്രതിപക്ഷ എംഎൽഎമാരെ സസ്പെൻഡ് ചെയ്ത നടപടിക്ക് പിന്നിൽ സ്പീക്കറുടെ ഗൂഢാലോചനയാണെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ.
ചീഫ് മാർഷലിനെ ആരും ആക്രമിച്ചിട്ടില്ല. സഭയിലെ എല്ലാ കാര്യങ്ങളും സഭാ ടിവി സംപ്രേഷണം ചെയ്യുന്നതാണ്. മർദനം നടന്നാൽ കാണും. സഭ നിർത്തിവച്ച് സ്പീക്കറുടെ ചേംബറിൽ പോയി ഗൂഢാലോചന നടത്തിയ ശേഷമാണ് ചീഫ് മാർഷലിന് പരിക്കേറ്റ കാര്യം പ്രഖ്യാപിക്കുന്നത്.
സമാനരീതിയിൽ നേരത്തെയും ഇത്തരം ആരോപണം ഉന്നയിച്ചിട്ടുണ്ട്. അന്ന് ആശുപത്രിയിൽ ഡോക്ടർമാരുടെ പരിശോധനയിൽ അത് കളവാണെന്ന് ബോധ്യപ്പെട്ടതാണ്.
വിശ്വാസി സമൂഹം കോണ്ഗ്രസിനും യുഡിഎഫിനും ഒപ്പമാണ്. സർക്കാരും ഭരണകക്ഷിയും പ്രതിക്കൂട്ടിലാണ്. അതിൽ നിന്ന് രക്ഷപ്പെടാൻ സ്പീക്കറെ കരുവാക്കിയുള്ള ഇത്തരം കളികൾ കോണ്ഗ്രസ് നിയമത്തിന്റെ മുന്നിലും ജനകീയ കോടതിയിലും ചോദ്യം ചെയ്ത് പരാജയപ്പെടുത്തുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളിച്ച് സഭയിൽ ന്യായമായ പ്രതിഷേധം നടത്തുന്നത് തടയാൻ ഭരണപക്ഷം ശ്രമിച്ചു. മന്ത്രിമാർ പ്രതിപക്ഷ അംഗങ്ങളെ കൈയേറ്റം ചെയ്യുന്ന സാഹചര്യമായിരുന്നു. മുഖ്യമന്ത്രി അതിനെ ന്യായീകരിക്കുന്ന സമീപനമാണ് സ്വീകരിച്ചത്.
മുന്പ് ബജറ്റ് അവതരണ സമയത്ത് ധനമന്ത്രിയായിരുന്ന കെ.എം. മാണിയെ ആക്രമിച്ചവരാണ് ഭരണപക്ഷത്ത് ഇരിക്കുന്നത്. അന്ന് സഭ തല്ലിത്തകർക്കുകയും സ്പീക്കറെയും വാച്ച് ആൻഡ് വാർഡിനെയും ആക്രമിച്ചവരാണ് ഇന്നു പ്രതിപക്ഷത്തിനെതിരെ വ്യാജ ആരോപണത്തിന്റെ വാളോങ്ങുന്നതെന്നു സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.