കണ്ണൂർ സർവകലാശാല സെനറ്റ് വിസി നോമിനി അംഗം രാജിവച്ചു
Friday, October 10, 2025 12:40 AM IST
കണ്ണൂർ: കണ്ണൂർ സർവകലാശാല സ്ഥിരം വൈസ് ചാൻസലർ നിയമനത്തിനുള്ള നിർദേശക സംഘത്തിലേക്കു സെനറ്റ് പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട കേരള സർവകലാശാല മുൻ പ്രോ-വൈസ് ചാൻസലർ പി.പി. അജയകുമാർ തത്സ്ഥാനം രാജിവച്ചു. തെരഞ്ഞെടുക്കപ്പെട്ട് അഞ്ചു ദിവസത്തിനകമാണു രാജി.
നാലിന് നടന്ന സ്പെഷൽ സെനെറ്റിലൂടെയായിരുന്നു പി.പി. അജയകുമാറിനെ വിസിയെ നിയമിക്കുന്നതിനുള്ള സെനറ്റ് നോമിനിയായി തെരഞ്ഞെടുത്തത്.
പി.പി. അജയകുമാർ രാജിവച്ചതോടെ ആരോപണങ്ങളും ഉയരുന്നുണ്ട്. സ്ഥിരം വൈസ് ചാൻസലർ നിയമനം വൈകിക്കുന്നതിനുള്ള ഇടതുപക്ഷ തന്ത്രത്തിന്റെ ഭാഗമായാണു രാജിയെന്ന് കണ്ണൂർ സർവകലാശാല സെനറ്റേഴ്സ് ഫോറം ആരോപിച്ചു.
പി.പി. അജയകുമാറിനെ തെരഞ്ഞെടുത്തപ്പോൾ തന്നെ രാജി ഉടൻ ഉണ്ടാകുമെന്നും കോടതി ഇടപെടൽ ഉണ്ടാകാതിരിക്കാൻ സർക്കാർ പിന്തുണയോടെയുള്ള രാജിതന്ത്രം നടപ്പാക്കുമെന്നും സെനെറ്റേഴ്സ് ഫോറം അഭിപ്രായപ്പെട്ടിരുന്നു. കണ്ണൂർ സർവകലാശാലയിൽ ഇത് രണ്ടാം തവണയാണ് ഈ വിഷയത്തിൽ മാത്രം സ്പെഷൽ സെനറ്റ് മീറ്റിംഗ് നടത്തിയത്.
2024 ജൂലൈ 19ന് നടന്ന മീറ്റിംഗിലും വിസി നോമിനിയെ തെരഞ്ഞെടുക്കുവാൻ കഴിഞ്ഞിരുന്നില്ല. ഒരു മീറ്റിംഗിന് കുറഞ്ഞത് 10 ലക്ഷം രൂപ ചെലവുവരുന്നതിനാൽ സർക്കാർ പിന്തുണയോടെയുള്ള ഇത്തരം ഒളിച്ചുകളി സർവകലാശാല ഫണ്ടിന്റെ ധൂർത്താണെന്ന് സെനെറ്റേഴ്സ് ഫോറം ആരോപിച്ചു.
കാലിക്കട്ട് സർവകലാശാലയിലും കഴിഞ്ഞ മാസം സമാനമായ രീതിയിൽ വിസി നോമിനി രാജിവച്ചിരുന്നു. സിപിഎം യുവ വനിതാ നേതാവിന്റെ വിവാദമായ ‘വാഴക്കുല’പിഎച്ച്ഡി പ്രബന്ധത്തിന് മാർഗദർശിയായ വ്യക്തിയെ വിസി നോമിനിയായി തെരഞ്ഞെടുത്തത് പ്രത്യേക ലക്ഷ്യത്തോടെയാണെന്നും സെനറ്റേഴ്സ് ഫോറം കുറ്റപ്പെടുത്തിയിരുന്നു.
തങ്ങൾ നേരത്തേ ചൂണ്ടിക്കാണിച്ച കാര്യങ്ങളെല്ലാം ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ രാജിയെന്നും ഉന്നത വിദ്യാഭ്യാസ മേഖലയോടുള്ള ഇടതു സർക്കാരിന്റെ വെല്ലുവിളിയായി മാത്രമേ ഇതിനെ കാണാൻ കഴിയൂവെന്നും ഫോറം കൺവീനർ ഡോ. ഷിനോ പി. ജോസ് പറഞ്ഞു.