വീട്ടമ്മ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ
Friday, October 10, 2025 12:40 AM IST
ഏറ്റുമാനൂർ: വീട്ടമ്മയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ വീട്ടിൽ കണ്ടെത്തി. തെള്ളകം പൂഴിക്കുന്നേൽ ജോസിന്റെ ഭാര്യ ലീന ജോസി(55)നെയാണ് ബുധനാഴ്ച രാത്രി വീടിനു പുറകിൽ അടുക്കളക്ക് സമീപം കഴുത്ത് മുറിഞ്ഞ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് ജോസിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.
തെള്ളകം ജംഗ്ഷനു സമീപം എംസി റോഡിനെയും ഓൾഡ് എംസി റോഡിനെയും ബന്ധിപ്പിക്കുന്ന റോഡിലാണ് സംഭവം നടന്ന വീട്. ലീനയുടെ ഭർത്താവും ഇളയ മകൻ തോമസും ഭർത്താവിന്റെ പിതാവ് ചാക്കോയും സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നെങ്കിലും ഇവരാരും വിവരമറിഞ്ഞില്ലെന്നാണ് മൊഴി നൽകിയിരിക്കുന്നത്.
മെഡിക്കൽ കോളജിനു സമീപം ഹോട്ടൽ നടത്തുന്ന ഇവരുടെ മൂത്ത മകൻ ജെറിൻ രാത്രി 12.30ന് വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് അമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിനു സമീപം ബ്ലേഡ്, ചെറിയ കറിക്കത്തി, കത്തി, വെട്ടുകത്തി എന്നിവ ഉണ്ടായിരുന്നു. ലീന ധരിച്ചിരുന്ന സ്വർണ മാലയും കമ്മലും ശരീരത്തിൽ ഉണ്ടായിരുന്നില്ല. വീട്ടിൽ വിശദമായ തെരച്ചിൽ നടത്തിയിട്ടും ആഭരണങ്ങൾ കണ്ടെത്താനായിട്ടില്ല.
ഇന്നലെ രാവിലെ പോലീസ് ഉദ്യോഗസ്ഥർ എത്തി മേൽനടപടികൾ പൂർത്തീകരിച്ച ശേഷം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. പോസ്റ്റ്മോർട്ടത്തിനു ശേഷം വീട്ടിൽ എത്തിച്ച മൃതദേഹം സംക്രാന്തി ലിറ്റിൽ ഫ്ലവർ പള്ളിയിൽ സംസ്കരിച്ചു.