കോടികളുടെ നഷ്ടം; തളിപ്പറന്പിൽ വൻ അഗ്നിബാധ; 60 കടകൾ കത്തിനശിച്ചു
Friday, October 10, 2025 2:45 AM IST
തളിപ്പറന്പ്: തളിപ്പറമ്പിൽ വൻ തീപിടിത്തം. അറുപതോളം കടകൾ കത്തിനശിച്ചു. കോടികളുടെ നഷ്ടം. ഇന്നലെ വൈകുന്നേരം 4.55 ഓടെയാണു തീപിടിത്തമുണ്ടായത്. ദേശീയപാതയിൽ മൂന്നു നിലകളുള്ള കെ.വി. കോംപ്ലക്സിലെ കടകളെല്ലാം കത്തിനശിച്ചു.
ടെക്സ്റ്റയിൽസ്, ഹാർഡ്വേർസ്, ചെരിപ്പ്, പാത്രങ്ങൾ, സ്റ്റുഡിയോ, അനാദിക്കടകൾ, പച്ചക്കറി കടകൾ, സൂപ്പർ മാർക്കറ്റ് തുടങ്ങി കോംപ്ലക്സിൽ പ്രവർത്തിക്കുന്ന കടകൾക്കാണു തീപിടിച്ചത്. 10 കോടിയുടെ നഷ്ടമുണ്ടായതായാണു പ്രാഥമിക വിലയിരുത്തൽ. ഷോർട്ട് സർക്യൂട്ടാണു തീപിടിത്തത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം.
മാസ്ട്രോ ചെരിപ്പുകടയിലാണ് ആദ്യം തീപിടിത്തമുണ്ടായത്. കടയുടെ എസിയിൽനിന്നാണു തീപടർന്നത്. ഇവിടെനിന്നു കടയുടെ ബോർഡിലേക്കും ഷോപ്പിനുള്ളിലേക്കും തീ പടരുകയായിരുന്നു. തുടർന്ന് സമീപത്തെ ജ്യൂസ് കടയിലേക്കും ചായക്കടയിലേക്കും പെട്ടെന്ന് തീ പടർന്നു.
സമീപത്തെ കടക്കാർ ബക്കറ്റിലും കപ്പിലുമായി വെള്ളം കോരിയൊഴിച്ച് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. മുകളിലെ ഷാലിമാർ ഷോപ്പിലേക്കും തീ പടർന്നു. വൻ ശബ്ദത്തോടെ സാധനങ്ങൾ പൊട്ടിത്തെറിച്ചു. കടകളിലുള്ള എയർ കണ്ടീഷണറുകളിലെ സിലിണ്ടറുകൾക്കു തീപിടിച്ചത് സ്ഥിതി രൂക്ഷമാക്കി.
കരിമ്പത്തുനിന്ന് അഗ്നിരക്ഷാ സേനയെത്തി തീയണയ്ക്കാൻ ശ്രമം നടത്തിയെങ്കിലും മറ്റു കടകളിലേക്കും പടരുകയായിരുന്നു. മൂന്നുനില കെട്ടിടത്തിന്റെ മൂന്നു വശങ്ങളിൽനിന്ന് എട്ടു യൂണിറ്റ് ഫയർഫോഴ്സ് മണിക്കൂറുകളോളം തീയണയ്ക്കാനുള്ള ശ്രമം തുടർന്നു.
സമീപത്തെ ജ്വല്ലറിയുടെ മുകൾഭാഗത്തെ ബോർഡിന് തീപിടിച്ചെങ്കിലും ഫയർഫോഴ്സിന്റെ ശ്രമഫലമായി നിയന്ത്രണ വിധേയമാക്കി. കോംപ്ലക്സിനു പിന്നിലെ മോസ്കിനു സമീപമുള്ള കടകളിൽ വരെ തീയെത്തിയിരുന്നു. വൈകുന്നേരം ആറോടെ സമീപത്തുള്ള തളിപ്പറന്പ് ബസ്സ്റ്റാൻഡും ഒഴിപ്പിച്ച് തീയണയ്ക്കാനുള്ള ശ്രമം തുടർന്നു.
പെരിങ്ങോം, പയ്യന്നൂർ, കണ്ണൂർ എന്നിവടങ്ങളിൽ നിന്നും അഗ്നിരക്ഷാസേനയെത്തിയിരുന്നു. രാജധാനി സൺ സിറ്റി, മാക്സ്ടോൾ, ടോയി സോൺ, ഫൺ സിറ്റി, സർഗചിത്ര സ്റ്റുഡിയോ, റോക്ക് റെഡിമെയ്ഡ്, ടെയ്ലർ ഷോപ്പ് , ഇരുമ്പ് കട, വുമൺസ് ഗാലറി, ചിത്രപ്രഭ ജ്വല്ലറി, സെൻട്രൽ ഹാർഡ്വേർസ്, എ വൺ സ്റ്റേഷനറി എന്നീ കടകൾ പൂർണമായും കത്തിനശിച്ചു.
ജയ ഫാഷന്റെ മുകൾ നിലയിൽ തീ പിടിച്ചെങ്കിലും ഫയർഫോഴ്സ് അണച്ചു. ആദ്യം തീപിടിച്ച ടോയി സോൺ കടയിലെ സാധനങ്ങൾ മറ്റൊരു കടയിലേയ്ക്ക് മാറ്റിയെങ്കിലും ആ കടയും കത്തിനശിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ, തളിപ്പറന്പ് എംഎൽഎ എം.വി. ഗോവിന്ദൻ എന്നിവരുടെ നിർദേശാനുസരണം ജില്ലാ കളക്ടർ അരുൺ കെ. വിജയൻ, കണ്ണൂർ റൂറൽ പോലീസ് മേധാവി അനൂജ് പലിവാൾ എന്നിവർ സംഭവസ്ഥലത്ത് ക്യാന്പ് ചെയ്ത് സ്ഥിതിഗതികൾ വിലയിരുത്തി. അഗ്നിശമന യൂണിറ്റുകൾക്ക് പുറമെ കുപ്പം ഖലാസികളും വെള്ളം കൊണ്ടുവന്ന് തീയണച്ചിരുന്നു. രാത്രി പത്തോടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്.