ആൾക്കൂട്ട മർദനമേറ്റയാൾ മരിച്ചു; മൂന്നു പേർ അറസ്റ്റിൽ
Friday, October 10, 2025 2:45 AM IST
കായംകുളം: കുട്ടിയുടെ സ്വർണാഭരണം കാണാതായതിനെത്തുടർന്നു മോഷണകുറ്റം ആരോപിച്ച് കായംകുളത്ത് ആൾക്കൂട്ടത്തിന്റെ ക്രൂരമർദനത്തിനിരയായ മധ്യവയസ്കൻ മരിച്ചു.
കായംകുളം ചേരാവള്ളി കോയിക്കൽ കിഴക്കതിൽ താമസിക്കുന്ന തിരുവനന്തപുരം കാരക്കോണം കുന്നത്ത് കോയിക്കപടീറ്റതിൽ സജി (ഷിബു-50 ) ആണ് മരിച്ചത്.
ഇദ്ദേഹം താമസിക്കുന്ന വീടിനു സമീപത്തെ രണ്ടു വയസുള്ള കുട്ടിയുടെ സ്വർണച്ചെയിൻ കാണാതായതിനെത്തുടർന്നാണ് കുട്ടിയുടെ പിതാവും ബന്ധുക്കളും അയൽവാസികളും ഉൾപ്പെടെ ഏഴു പേർ ചേർന്ന് ഇദ്ദേഹത്തെ ക്രൂരമായി മർദിച്ചത്.
കായംകുളം ചേരാവള്ളി കുന്നത്ത് കോയിക്കൽ പടീറ്റതിൽ വിഷ്ണു (30 ), ഭാര്യ അഞ്ജന (ചിഞ്ചു -28), വിഷ്ണുവിന്റെ മാതാവ് കനി (51 ) എന്നിവരെയാണ് കായംകുളം പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം വൈകുന്നേരം ആയിരുന്നു സംഭവം. മർദനമേറ്റു കുഴഞ്ഞുവീണ സജിയെ നാട്ടുകാർ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
ഹൃദയസംബന്ധമായ രോഗത്തിനു ചികിത്സയിലുള്ള ആളായിരുന്നു സജി. ചെവിക്കു പിന്നിലും കഴുത്തിലും മർദനമേറ്റതിനെത്തുടർന്നുണ്ടായ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പ്രതികൾക്കെതിരേ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.
ബാക്കിയുള്ള പ്രതികൾക്കായി അന്വേഷണം തുടങ്ങി. ചേരാവള്ളി മേനാത്തേരിയിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ കാണാതായ സ്വർണം സജി പണയം വച്ചതായി പോലീസ് കണ്ടെത്തി. വിഷ്ണുവിന്റെ മകളുടെ ചെയിൻ മോഷ്ടിച്ചെന്നായിരുന്നു ആരോപണം.
സജിയുടെ വീട്ടിൽനിന്നു കുട്ടി തിരിച്ചുവന്നപ്പോൾ സ്വർണം കാണാതായെന്ന് വീട്ടുകാർ പറ യുന്നു. കഴിഞ്ഞ വൈകുന്നേരം സജിയെ വഴിയിൽ തടഞ്ഞ് ഇവർ ചോദ്യം ചെയ്യുകയായിരുന്നു.