കോഴഞ്ചേരിയിൽ ബാലിക മരിച്ചത് പേവിഷബാധയേറ്റ്
Sunday, May 4, 2025 1:31 AM IST
കോഴഞ്ചേരി: നായയുടെ കടിയേറ്റതിനേ തുടർന്ന് വാക്സീൻ എടുത്തശേഷവും ബാലിക മരിച്ചത് പേവിഷ ബാധയേറ്റെന്ന റിപ്പോർട്ട് പുറത്ത്.
നാരങ്ങാനം മേലേ റാക്കൂടുക്കയിൽ ബിനോജി, ശിൽപ ദമ്പതികളുടെ മകൾ ഭാഗ്യലക്ഷ്മിയുടെ (13) മരണമാണ് പേവിഷ ബാധയേറ്റുള്ളതാണെന്ന തിരുവനന്തപുരം പബ്ലിക് ഹെൽത്ത് ലാബിലെ പരിശോധനാഫലത്തിലൂടെ വ്യക്തമായത്.
കഴിഞ്ഞ ഏപ്രിൽ ഒൻപതിന് ഭാഗ്യലക്ഷ്മി മരിച്ചത്. കുട്ടിയുടെ മാതൃഗൃഹമായ നാരങ്ങാനം കണമുക്ക് തറയിൽമുക്കിലെ വീടിനു സമീപത്തെ വളർത്തുനായയാണ് കടിച്ചതെന്ന് പറയുന്നു. രാവിലെ വീടിനു മുന്പിൽ നിൽക്കുന്പോൾ നായ കടിക്കുകയായിരുന്നു. 2024 ഡിസംബർ 13നായിരുന്നു സംഭവം.
വിവരം അറിഞ്ഞ് എത്തിയ ബന്ധു കുട്ടിയുടെ കൈ സോപ്പിട്ടു കഴുകിയ ശേഷം ഉടൻ തന്നെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ചു. അന്നുതന്നെ ജില്ലാ ആശുപത്രിയിൽ ആദ്യ ഡോസ് വാക്സീൻഎടുത്തു.
നാല് വാക്സീനുകളും ജില്ലാ ആശുപത്രിയിൽ നിന്നു തന്നെ എടുത്തു. കുത്തിവയ്പ് പൂർത്തിയാക്കി മൂന്നരമാസത്തിനുശേഷമാണ് മരണം. കോഴഞ്ചേരി സെന്റ് തോമസ് സ്കൂളിൽ ഏഴാംക്ലാസ് വിദ്യാർഥിനിയായിരുന്നു ഭാഗ്യലക്ഷ്മി.
ഇതിനിടെ ഭാഗ്യലക്ഷ്മിയെ കടിച്ച നായ മൂന്നാംനാൾ ചത്തു. പോസ്റ്റുമോർട്ടം നടത്തിയപ്പോൾ നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിക്കുകയും ചെയ്തു. എന്നാൽ ഇക്കാര്യം ആരോഗ്യവകുപ്പ് അധികൃതർ ഗൗരവമായി എടുത്തില്ല. ഏപ്രിൽ ഒന്നിന് കുട്ടിക്ക് പനി ബാധിച്ചു. രണ്ടിന് ആശുപത്രിയിൽ ചികിത്സ തേടി.
മൂന്നിന് പേവിഷ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങിയതോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. കുട്ടിയെ ആശുപത്രിയിലാക്കിയതറിഞ്ഞിട്ടും ആരോഗ്യവകുപ്പ് തിരിഞ്ഞു നോക്കിയില്ലെന്ന് കുട്ടിയുടെ അച്ഛൻ പറഞ്ഞു.
ഏപ്രിൽ 10ന് കുട്ടിയുടെ സംസ്കാരം നടക്കുകയും പിറ്റേ ദിവസം എറണാകുളത്തെ ആശുപത്രിയിൽ നടത്തിയ വിശദമായ പരിശോധനാഫലം വാട്സാപ്പിൽ അധികൃതർ അയച്ചു നൽകുകയും ചെയ്തിരുന്നു.
കുട്ടി വെന്റിലേറ്ററിൽ കിടക്കുമ്പോഴാണ് പരിശോധനയ്ക്ക് ആവശ്യമായ സ്രവം രക്ഷിതാക്കളുടെ അനുമതിയോടെ ആശുപത്രി അധികൃതർ ശേഖരികുന്നത്. രണ്ട് റിസൽട്ടുകൾ ഉണ്ടെന്നു പറഞ്ഞെങ്കിലും ഒരെണ്ണം മാത്രമാണ് നൽകിയതെന്നും അടുത്തത് അയച്ചുതരാമെന്നു പറഞ്ഞ ആശുപത്രി അധികൃതർ ഇപ്പോൾ പറയുന്നത് അത് ഡിഎംഒയ്ക്ക് കൈമാറാമെന്നുമാണെന്നു വീട്ടുകാർ പറയുന്നു. അതിലും ദുരൂഹത ഉണ്ടെന്നാണ് ആരോപണം.