പ്രമുഖ നടന് വലിയ തെറ്റിന് തിരികൊളുത്തി: ലിസ്റ്റിന് സ്റ്റീഫന്‍
Sunday, May 4, 2025 1:31 AM IST
കൊച്ചി: മലയാള സിനിമയിലെ പ്രമുഖ നടന് വലിയ തെറ്റിന് തിരികൊളുത്തിയിട്ടുണ്ടെന്ന ആരോപണവുമായി നിര്‍മാതാവ് ലിസ്റ്റിന് സ്റ്റീഫന്‍. വലിയൊരു മാലപ്പടക്കത്തിന് തിരികൊളുത്തിയിട്ടുണ്ടെന്നും ആ തെറ്റ് ഇനി ആവര്‍ത്തിക്കരുതെന്നുമാണ് നിര്‍മാതാവിന്റെ മുന്നറിയിപ്പ്.
താൻ ഈ പറയുന്നത് ആ താരത്തിന് മനസിലാകുമെന്നു പറഞ്ഞ ലിസ്റ്റിന് സ്റ്റീഫന്‍, ആ തെറ്റ് വലിയ പ്രശ്നങ്ങള്‍ക്കു വഴിവയ്ക്കുമെന്നും കൊച്ചിയില്‍ പറഞ്ഞു. ദിലീപിനെ നായകനാക്കി ലിസ്റ്റിന് സ്റ്റീഫന്‍ നിര്‍മിക്കുന്ന പുതിയ ചിത്രം ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’യുടെ ടീസര്‍ ലോഞ്ച് വേദിയിലായിരുന്നു വിമര്‍ശനം. നടന്റെ പേരോ, ചെയ്ത തെറ്റ് എന്താണെന്നോ പറയാതെയാണ് നിര്‍മാതാവിന്റെ മുന്നറിയിപ്പ്. ചലച്ചിത്ര ലോകത്തെയാകെ അമ്പരപ്പിച്ചിരിക്കുകയാണ് ഈ പ്രതികരണം.
പിന്നില്‍ വന്‍ കളിയുണ്ട്: സാന്ദ്ര തോമസ്
പേര് വെളിപ്പെടുത്താതെ മലയാള സിനിമയിലെ പ്രമുഖ താരത്തിനെതിരേ നിര്‍മാതാവ് ലിസ്റ്റിന് സ്റ്റീഫന്‍ നടത്തിയ വിമര്‍ശനത്തില്‍ പ്രതികരണവുമായി നിര്‍മാതാവ് സാന്ദ്ര തോമസ്.
പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഭാരവാഹികൂടിയായ ലിസ്റ്റിന് സ്റ്റീഫന്‍ പരസ്യമായി മലയാള സിനിമയിലെ നടന്മാരെയാകെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിക്കൊണ്ട് നടത്തിയ പ്രസ്താവന അനുചിതവും സംഘടനാ ചട്ടങ്ങള്‍ക്ക് വിരുദ്ധവുമാണെന്ന് സാന്ദ്ര തോമസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
മലയാള സിനിമയ്ക്ക് ദോഷം ചെയ്യുന്നതരത്തില്‍ പ്രസ്താവന നടത്തിയ ലിസ്റ്റിന് സ്റ്റീഫനെ അടിയന്തരമായി പ്രൊഡ്യൂസഴ്സ് അസോസിയേഷന്റെ ഭാരവാഹിത്വത്തില്‍ നിന്നും പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കണം.
തനിക്കുണ്ടായ വ്യക്തിപരമായ വിഷയത്തില്‍ രാജ്യത്തു നിലനില്‍ക്കുന്ന നിയമങ്ങള്‍ക്ക് വിധേയമായി താന്‍ മുന്നോട്ടു പോയപ്പോള്‍ തന്നെ സസ്പെന്‍ഡ് ചെയ്യാന്‍ കാണിച്ച ആർജ്ജവം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് നേതൃത്വം കാണിക്കണം.
ഉന്നത ബോഡി എന്ന നിലയില്‍ കേരള ഫിലിം ചേംബര്‍ സ്വമേധയാ ഈ വിഷയത്തില്‍ ഇടപെട്ട് ഉചിതമായ നടപടി സ്വീകരിക്കണമെന്നും അവര്‍ പറഞ്ഞു.
പോസ്റ്റിന് താഴെ സാന്ദ്ര നല്കിയ ഒരു കമന്റും ശ്രദ്ധേയമാണ്. ‘ഇതിനു പിന്നില്‍ ഒരു വന്‍ കളിയുണ്ട്. അത് മലയാളി പ്രേക്ഷകരെയും മലയാള സിനിമയെയും ബാധിക്കുന്നതാണ്. അത് മറനീക്കി പുറത്തേക്ക് വരുമെന്ന് പ്രതീക്ഷിക്കുന്നു’ എന്നാണ് അവര്‍ എഴുതിയിരിക്കുന്നത്.