വിഴിഞ്ഞം: കരയടുക്കാതെ വിവാദം
Sunday, May 4, 2025 12:46 AM IST
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ കമ്മീഷനിംഗ് ചടങ്ങിന്റെ ഉദ്ഘാടന വേദിയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് സീറ്റ് നൽകിയതിലും കരാർ ഒപ്പിട്ടത് അടക്കമുള്ള പ്രാരംഭ ചടങ്ങുകൾക്കു നേതൃത്വം നൽകിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരു പരാമർശിക്കാത്തതിലും വിമർശനമുയർന്നു.
വിഴിഞ്ഞം തുറമുഖ ഉദ്ഘാടന ചടങ്ങിൽ ബിജെപി സംസ്ഥാന പ്രസിഡന്റിനെ വേദിയിൽ ഇരുത്തിയത് സിപിഎം-ബിജെപി അന്തർധാരയുടെ ഭാഗമാണെന്ന ആരോപണവുമായി യുഡിഎഫ് കണ്‍വീനർ എം.എം. ഹസൻ രംഗത്ത് എത്തി.
എന്നാൽ, പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിർദേശപ്രകാരമാണ് ബിജെപി സംസ്ഥാന അധ്യക്ഷനെ വേദിയിൽ ഇരുത്തിയതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മറുപടി നൽകി. രാജീവിനെ വേദിയിൽ ഇരുത്തിയ സംഭവത്തിൽ വിമർശിക്കാൻ കോണ്‍ഗ്രസിന് അവകാശമില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
ഉദ്ഘാടന വേദിയിൽ മണിക്കൂറുകൾ നേരത്തേഎത്തി ഇരുന്ന രാജീവ് ചന്ദ്രശേഖറിന്റെ നടപടിക്കെതിരേ മന്ത്രി പി.എ. മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. റിയാസിന്റെ വിമർശനത്തിനു തിരിച്ചടിയുമായി രാജീവ് ചന്ദ്രശേഖറും ഇന്നലെ രംഗത്തെത്തി.
വേദിയിൽ നേരത്തേ എത്തിയത് പ്രവർത്തകരെ കാണുന്നതിന്റെ ഭാഗമായിട്ടാണെന്നു രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കമ്യൂണിസ്റ്റ് രാജവംശത്തിലെ മരുമകനായ മന്ത്രിയെന്ന വ്യക്തിപരമായ വിമർശനവും റിയാസിനെതിരേ രാജീവ് ചന്ദ്രശേഖർ ഉന്നയിച്ചു.
വിഴിഞ്ഞം ചടങ്ങിന്റെ ഔദ്യോഗിക പ്രഭാഷകരിൽ ആരും ഉമ്മൻചാണ്ടിയുടെ പേരു പോലും പരാമർശിക്കാത്തതിൽ വിമർശനവുമായി ശശി തരൂർ എംപി രംഗത്ത് എത്തി.
വിഴിഞ്ഞം തുറമുഖത്തിൽ ഉമ്മൻചാണ്ടിയുടെ സംഭാവനകളെ കുറിച്ച് സംസാരിക്കാൻ താൻ ഉദ്ദേശിച്ചിരുന്നു. എന്നാൽ തനിക്ക് സംസാരിക്കാൻ അവസരം ലഭിച്ചില്ല. സംസാരിക്കാൻ അവസരം ലഭിച്ചവർ ആരും ഉമ്മൻ ചാണ്ടിയുടെ പേരു പരമാർശിച്ചു കണ്ടില്ല. ഇതിൽ ലജ്ജിക്കുന്നു.
പദ്ധതിക്കു നേതൃത്വം നൽകിയ, യഥാർഥ കമ്മീഷനിംഗ് കരാറിൽ ഒപ്പുവച്ചു കേരളം ആഘോഷിച്ച പ്രവൃത്തികൾക്ക് തുടക്കമിട്ട, അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ശ്രദ്ധേയമായ സംഭാവനകളെ അനുസ്മരിക്കാൻ ഈ അവസരം വിനിയോഗിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.