കോഴിക്കോട് മെഡിക്കൽ കോളജിലെ തീപിടിത്തം ; സമഗ്രാന്വേഷണം വേണമെന്നു വി.ഡി. സതീശൻ
Sunday, May 4, 2025 1:30 AM IST
തിരുവനന്തപുരം: കോഴിക്കോട് ഗവണ്മെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ തീപിടിത്തമുണ്ടായതും അതിനു പിന്നാലെ അഞ്ചു പേർ മരിച്ചതും ഞെട്ടിക്കുന്നതും അതീവ ഗൗരവമുള്ളതുമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംഭവത്തിൽ അടിയന്തര ഉന്നതതല അന്വേഷണത്തിന് സർക്കാർ ഉത്തരവിടണം.
അപകടമുണ്ടായശേഷം അത്യാഹിത വിഭാഗത്തിലെ രോഗികളെ മാറ്റുന്നതിലും കാലതാമസമുണ്ടായി. അതും അന്വേഷിക്കണം. അഞ്ചു പേർ മരിച്ചതിൽ അവ്യക്തതയും ദുരൂഹതയും നിലനിൽക്കുന്നു. വ്യക്തതവരുത്തണം.
ആശുപത്രി അധികൃതരുടെ ഭാഗത്ത് വീഴ്ച ഉണ്ടായെങ്കിൽ കർശന നടപടി സ്വീകരിക്കണം.
നിലവിൽ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ രോഗികളുടെ ചികിത്സാ ചെലവ് ഏറ്റെടുക്കാൻ സർക്കാർ തയാറാകണമന്നും സതീശൻ ആവശ്യപ്പെട്ടു.