എടത്വ പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസിന്റെ തിരുസ്വരൂപം പരസ്യവണക്കത്തിനായി പ്രതിഷ്ഠിച്ചു
Sunday, May 4, 2025 1:31 AM IST
എടത്വ: എടത്വ പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുസ്വരൂപം പള്ളി കവാടത്തില്‍ പ്രതിഷ്ഠിച്ചു.
തിരുനാളിനു കൊടിയേറിയതിന്റെ ഏഴാം ദിവസമായ ഇന്നലെ രാവിലെ ന് നടന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനക്കുശേഷമാണ് തിരുസ്വരൂപം പരസ്യവണക്കത്തിനായി പള്ളികവാടത്തില്‍ പ്രതിഷ്ഠിച്ചത്. വിശുദ്ധ കുര്ബാനക്കും തിരുസ്വരൂപ പ്രതിഷ്ഠയ്ക്കും ചങ്ങനാശേരി ആർച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു.
വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍, തിരുനാള്‍ കോഓര്‍ഡിനേറ്റര്‍ ഫാ. ഏലിയാസ് കരിക്കണ്ടത്തില്‍, അസിസ്റ്റന്റ് വികാരിമാരായ ഫാ. കുര്യന് പുത്തന്‍പുര, ഫാ. തോമസ് കാരക്കാട്, ഫാ. കുര്യാക്കോസ് പീടിയേക്കല്‍, ഫാ. സെബാസ്റ്റ്യന്‍ മഞ്ചേരിക്കളം, ഫാ. ജോസഫ് കാമിച്ചേരി, ഫാ. സെബാസ്റ്റ്യന്‍ മനയത്ത്, ഫാ. ജോസഫ് വെമ്പേനിക്കല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.
അയല്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ആയിരക്കണക്കിനു വിശ്വാസികളുടെ സാന്നിധ്യത്തില്‍ വന്‍ ഭക്തജന സമൂഹത്തെ സാക്ഷി നിര്‍ത്തി പ്രാര്‍ത്ഥനകളുടെയും ദൈവസ്തുതിപ്പുകളുടെയും നിറവിലാണ് വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ അത്ഭുത തിരുസ്വരൂപം തിരുനടയില്‍ നിന്നു സംവഹിക്കപ്പെട്ടത്.