ബിജെപിയെയും രാജീവ് ചന്ദ്രശേഖറിനെയും വിമർശിച്ച് സിപിഎം മുഖപത്രം
Sunday, May 4, 2025 12:46 AM IST
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ടു ബിജെപിയെയും സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനേയും വിമർശിച്ച് സിപിഎം മുഖപത്രം. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ തുകയിൽ ഭൂരിഭാഗവും സംസ്ഥാന സർക്കാരാണ് മുടക്കുന്നത്.
വസ്തുത ഇതായിരിക്കേ വിഴിഞ്ഞം യാഥാർഥ്യമാക്കിയതിനു പ്രധാനമന്ത്രിക്കു നന്ദിപറഞ്ഞു ബിജെപിക്കാർ തലസ്ഥാനത്ത് ആകമാനം നടത്തിയ പ്രചാരണങ്ങൾ ലക്ഷ്യം തെറ്റി ബൂമാറാങ് പോലെ അവരുടെ മൂർധാവിൽ തന്നെ പതിച്ചു.
സ്വയം പരിഹാസ്യരാകാൻ കച്ചകെട്ടിയിറങ്ങിയ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പിൻവാതിലിലൂടെ വേദിയിൽ ഇരിപ്പിടം തരപ്പെടുത്തി. ഉദ്ഘാടനത്തിനു മണിക്കൂറുകൾക്കു മുൻപു തന്നെ വേദിയിൽ ഇടംപിടിച്ച രാജീവ് ചന്ദ്രശേഖർ സദസിൽ കൊണ്ടിരുത്തിയ ബിജെപിക്കാർക്ക് മുദ്രാവാക്യം വിളിച്ചു കൊടുത്ത് അൽപ്പത്തം പ്രദർശിപ്പിക്കുന്ന രംഗങ്ങൾക്കും രാജ്യം സാക്ഷിയായെന്നും സിപിഎം മുഖപത്രത്തിന്റെ എഡിറ്റോറിയലിൽ പറയുന്നു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും വിമർശിക്കുന്നു. ഉദ്ഘാടന വേദിയിൽ ഇടം കിട്ടിയിട്ടും ചടങ്ങ് ബഹിഷ്കരിച്ചു. ക്രെഡിറ്റ് ലഭിക്കാത്തതിലുള്ള വിഷമമാണ് സതീശന്. അദ്ദേഹം സ്വയം അപഹാസ്യനായി.
അതേസമയം, കോണ്ഗ്രസ് എംഎൽഎ എം. വിൻസന്റിനേയും ശശിതരൂർ എംപിയേയും പുകഴ്ത്തുകയും ചെയ്യുന്നു. ഇവർ ചടങ്ങിൽ ആവേശപൂർവം പങ്കെടുത്തുവെന്നു പാർട്ടിപത്രം പറയുന്നു. എന്നാൽ, ഇവർക്ക് ഉദ്ഘാടന വേദിയിൽ പ്രസംഗിക്കാൻ രണ്ടു മിനിറ്റു പോലും സമയം നൽകാത്തതിനെക്കുറിച്ച് ഒന്നും പറയുന്നുമില്ല.