വേനൽമഴ തുടരും
Sunday, May 4, 2025 1:31 AM IST
ഡി. ദിലീപ്
തിരുവനന്തപുരം: വരും ദിവസങ്ങളിലും സംസ്ഥാനത്ത് വേനൽമഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കഴിഞ്ഞ ദിവസം മുതൽ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കാര്യമായ അളവിൽ വേനൽ മഴ ലഭിക്കുന്നുണ്ട്.
നാല് ദിവസംകൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നത്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ചൊവ്വാഴ്ചയും പത്തനംതിട്ട, ഇടുക്കി പാലക്കാട് ജില്ലകളിൽ ബുധനാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
അതേസമയം ഇന്നലെ വരെ സംസ്ഥാനത്ത് 39 ശതമാനം അധികമഴ ലഭിച്ചതായി കാലാവസ്ഥാനിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. മാർച്ച് ഒന്നു മുതൽ ഇന്നലെ വരെ 153 മില്ലിമീറ്റർ മഴയാണ് സംസ്ഥാനത്ത് പെയ്യേണ്ടിയിരുന്നത്. എന്നാൽ പെയ്തത് 213.1 മില്ലിമീറ്ററാണ്. മിക്ക ജില്ലകളിലും ഇക്കാലയളവിൽ ശരാശരിക്കും മുകളിൽ മഴ പെയ്തതായാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.
കണ്ണൂർ ജില്ലയിലാണ് ഇക്കാലയളവിൽ ഏറ്റവും കൂടുതൽ മഴ പെയ്തത്. 136 ശതമാനം അധികമഴയാണ് ജില്ലയിൽ പെയ്തത്. കോട്ടയം ജില്ലയിൽ 86 ശതമാനവും തിരുവനന്തപുരത്ത് 76 ശതമാനവും പാലക്കാട് ജില്ലയിൽ 47 ശതമാനവും അധികമഴ പെയ്തു. ഇടുക്കി ജില്ലയിൽ ആറു ശതമാനം മഴ കുറവ് രേഖപ്പെടുത്തി.
മാർച്ച് ഒന്നു മുതൽ ഇന്നലെ വരെ സംസ്ഥാനത്ത് പെയ്ത വേനൽ മഴയുടെ കണക്ക് ജില്ല തിരിച്ച് മില്ലിമീറ്ററിൽ, ജില്ല - പെയ്ത മഴ ( ചെയ്യേണ്ടിയിരുന്ന മഴ) എന്ന ക്രമത്തിൽ:
ആലപ്പുഴ-211.7(188.2). കണ്ണൂർ-170.5(72.3). എറണാകുളം174.9(160.3). ഇടുക്കി-203.5(215.9). കാസർഗോഡ്-82.9(62.6). കൊല്ലം-309.9(214.9). കോട്ടയം-380.3(204.8). കോഴിക്കോട്-148.4(110.6). മലപ്പുറം-164(121.9). പാലക്കാട് - 169.4(115.1). പത്തനംതിട്ട - 393(275.6). തിരുവനന്തപുരം-317(180). തൃശൂർ-158.5(110.6). വയനാട് - 171.2(115.2).