മോണ്‍. മാത്യു ഉഴുതാലിന്റെ രക്തസക്ഷിത്വ വാർഷികം ആചരിച്ചു
Sunday, May 4, 2025 1:30 AM IST
കുടവെച്ചൂർ: പാറ്റ്ന അതിരൂപതയുടെ മുൻ വികാരിജനറാളും രക്തസാക്ഷിയുമായ മോണ്‍. മാത്യു ഉഴുതാലിന്റെ ഇരുപതാം രക്തസാക്ഷിത്വ വാർഷികം മേയ് ഒന്നിന് പാറ്റ്ന അതിരുപതാ മെത്രാപ്പോലിത്ത ഡോ. സെബാസ്റ്റ്യൻ കല്ലുപുരയുടെ മുഖ്യകാർമികത്വത്തിൽ കുടവെച്ചൂർ മരിയൻ തീർഥാടന കേന്ദ്രത്തിൽ നടന്നു.
പാറ്റ്ന അതിരൂപതയുടെ മോകാമ പള്ളി ഇടവകദേവാലയത്തിൽ വച്ച് 2005 ഏപ്രിൽ 15ന് അക്രമിയുടെ കുത്തേറ്റ മോണ്‍. ഉഴുതാൽ പാറ്റ്നായിലെ കുറിജി ഹോളിഫാമിലി ആശുപത്രിയിൽ വച്ച് അന്ത്യകൂദാശകളെല്ലാം സ്വീകരിച്ച് മേയ് ഒന്നിന് അന്തരിച്ചു. ഗ്യാൻ പ്രകാശ് ദാസ് എന്ന അക്രമിയാണ് വൈദികനെ കഴുത്തിലും നെഞ്ചിലും കുത്തി പരിക്കേൽപ്പിച്ചത്.
1935 ജൂണ്‍ 29ന് വൈക്കം താലുക്കിലെ കുടവെച്ചൂർ ഗ്രാമത്തിൽ ജനിച്ച അച്ചൻ 1964 ൽ ബോംബെ ദിവ്യകാരുണ്യകോണ്‍ഗ്രസിൽ വച്ച് വിശുദ്ധ പോൾ ആറാമൻ മാർപാപ്പായിൽ നിന്നുമാണ് പട്ടമേറ്റത്. പാറ്റ്നാ അതിരൂപതയിൽ വികാരിജനറാൾ അടക്കം വിവിധ പദവികൾ വഹിച്ചിട്ടുണ്ട്.
ബിഹാറിലെ ആദിവാസികളുടെയും ദളിതരുടെയും അടക്കം പാർശ്വവത്കരിക്കപ്പെട്ട ജനങ്ങളുടെ ഉന്നമനത്തിനായി നിസ്തുലമായി പ്രവർത്തിച്ചു.
ക്രൈസ്തവ നേതൃത്വത്തെ വളർത്തുന്നതിനും പാരിഷ് കൗണ്‍സിലുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനും യത്നിച്ചു.