സ്വകാര്യ ആശുപത്രിയില്‍ പിതാവിന്റെ ചികില്‍സയ്ക്ക് പണമില്ലാതെ നെഞ്ചടിപ്പുമായി മകന്
Sunday, May 4, 2025 1:30 AM IST
കോഴിക്കോട്: സ്വകാര്യ ആശുപത്രിയില്‍ അച്ഛന് വിലകൂടിയ ടെസ്റ്റുകള്‍ നടത്തുമ്പോള്‍ വിഷ്ണുവിന്റെ നെഞ്ചിൽ കനലെരിയുകയാണ്. എങ്ങിനെ ബില്ലടയ്ക്കും എന്ന ആധിയാണ് മനസുനിറയെ.
എത്രയും പെട്ടെന്ന് സ്വകാര്യ ആശുപത്രിയില്‍നിന്ന് അച്ഛനെ മാറ്റണമെന്ന ചിന്തയിലായിലാണ് യുവാവ്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീപിടിത്തമുണ്ടായതിനെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ രക്ഷാപ്രവര്‍ത്തകര്‍ എത്തിച്ച കോഴിക്കോട് മുയിപ്പോത്ത് പയോളി വിശ്വനാഥന്റെ (65) മകനാണ് വിഷ്ണു. സ്വകാര്യ ആശുപത്രിയിലെ ചികില്‍സാ ബില്ലിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം നീട്ടിക്കൊണ്ടുപോകുമ്പോള്‍ ആശങ്കയുടെ കയത്തിലാണ് ഈ ചെറുപ്പക്കാരന്.
പന്ത്രണ്ടു വര്‍ഷം മുമ്പ് പക്ഷാഘാതം വന്ന് ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്നുപോയ ആളാണ് വിശ്വനാഥന്. കഴിഞ്ഞ വെള്ളിയാഴ്ച ബാത്ത്റൂമില്‍ വീണ് പരിക്കേറ്റു. തലച്ചോറില്‍ രക്തം കട്ടപിടിച്ചു. ഗുരുതരാവസ്ഥയിലാണ് മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ ശസ്ത്രക്രിയ കഴിഞ്ഞു വെന്റിലേറ്ററിലേക്ക് മാറ്റി. അതിനിടയിലാണ് വെള്ളിയാഴ്ച രാത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ തീപിടിത്തമുണ്ടായത്.
പുക പടര്‍ന്നപ്പോള്‍ വിശ്വനാഥനെ അവിടെനിന്ന് രക്ഷാപ്രവര്‍ത്തകര്‍ മാറ്റി. എവിടേക്കാണ് കൊണ്ടുപോയതെന്ന് അറിഞ്ഞില്ല. വിവരം വിഷ്ണുവിനോടു പറഞ്ഞുമില്ല. അര മണിക്കുര്‍ കഴിഞ്ഞാണ് സ്വകാര്യ ആശുപത്രിയില്‍നിന്ന് വിളിച്ചതെന്ന് വിഷ്ണു പറഞ്ഞു. പതിനൊന്നരയോടെ ടാക്സി വിളിച്ച് അവിടെ എത്തി. ചികില്‍സാ രേഖകള്‍ ഒന്നും മെഡിക്കല്‍കോളജില്‍നിന്ന് എടുക്കാന്‍ കഴിഞ്ഞിരുന്നില്ല.
വിശ്വനാഥനെ ഉടനെ വെന്റിലേറ്ററിലേക്ക് മാറ്റണെമന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പണമില്ലാത്ത കാര്യം അവരോടു പറഞ്ഞു. ആശുപത്രിയില്‍ എത്തിച്ചപ്പോര് സര്‍ക്കാര്‍ ചെലവു വഹിക്കുമെന്നാണ് വിഷ്ണുവിനെ അറിയിച്ചിരുന്നത്. എന്നാല്‍, ചികില്‍സ തുടങ്ങിയപ്പോള്‍ മട്ടുമാറി. ഐസിയുവില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ് വിശ്വനാഥന്.
ഇന്നലെ രാവിലെ 30,000 രൂപ ആശുപത്രിയില്‍ അടയ്ക്കാന്‍ പറഞ്ഞു. ഉച്ചയ്ക്കുശേഷം രക്തം മാറ്റിവയ്ക്കല്‍ നടന്നു. അതോടെ ചെലവ് 46,000 രൂപയായി. ഇത് അടയ്ക്കാന്‍ പറ്റില്ലെന്നാണ് വിഷ്ണു പറയുന്നത്. കുടുംബാംഗങ്ങളോടു ചോദിക്കാതെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചതാണ് പ്രശ്നമായത്.
സര്‍ക്കാരിന്റെ ഭാഗത്തുനിന്നു പണം അടയ്ക്കുന്നതിനുള്ള നടപടിയും ഉണ്ടായിട്ടില്ല. നിര്‍ധന കുടുംബത്തിനു ഇവിടെനിന്ന് വേറെ ആശുപത്രിയിലേക്ക് പോകണമെങ്കില്‍ ബില്ല് അടയ്ക്കണം.മെഡിക്കല്‍ കോളജിലേക്കോ ബീച്ചാശുപത്രിയിലേക്കോ മാറ്റിയാല്‍ മതിയെന്ന നിലപാടിലാണ് വിഷ്ണു.