സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഡിജിറ്റല്‍ ഫാബ് മെഷീന് വര്‍ക്ക്ഷോപ്പ്
Sunday, May 4, 2025 12:46 AM IST
തിരുവനന്തപുരം: സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഡിജിറ്റല്‍ ഫാബ്രിക്കേഷന്‍ മെഷിന്സില് പ്രായോഗിക പരിചയം നല്‍കുന്നതിനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന് (കെഎസ് യുഎം) അഞ്ച് ദിവസത്തെ വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു.
12ന് ആരംഭിക്കുന്ന വര്‍ക്ക് ഷോപ്പ് തിരുവനന്തപുരം ഫാബ് ലാബില്‍ നടക്കും. ഫാബ് ലാബ് കേരളയുമായി സഹകരിച്ചാണ് വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കുന്നത്. എട്ടു മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ആകെ 15 പേര്‍ക്കാണ് പ്രവേശനം.
വര്‍ക്ക് ഷോപ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ത്രിഡി പ്രിന്ററുകള്‍, ലേസര്‍ കട്ടറുകള്‍, കമ്പ്യൂട്ടര്‍ ന്യൂമറിക്കല്‍ കണ്ട്രോള് (സിഎന്‍സി) റൂട്ടറുകള്‍, പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡ് മില്ലിംഗ് (പിസിബി), സ്ക്രീന്‍ പ്രിന്റിംഗ് എന്നിവയുള്‍പ്പെടെയുള്ള ഡിജിറ്റല്‍ മെഷീനുകള്‍, ഡിജിറ്റല്‍ ഫാബ്രിക്കേഷന്‍, ഡിസൈന്‍ സോഫ്റ്റ് വെയറുകള്‍, അവശ്യ ടൂളുകള്‍ എന്നിവയില്‍ പ്രായോഗിക പരിചയം ലഭിക്കും.
16 വരെ നടക്കുന്ന വര്‍ക്ക് ഷോപ്പിന് 2500 രൂപയാണ് ഫീസ്. പങ്കെടുക്കുന്നവര്‍ക്ക് കെഎസ് യുഎമ്മും ഫാബ് ലാബ് കേരളയും സര്‍ട്ടിഫിക്കറ്റ് നല്‍കും. വിദ്യാര്‍ഥികള്‍ ലാപ്ടോപ്പും അനുബന്ധ ഉപകരണങ്ങളും കൊണ്ടുവരണം. എല്ലാ ദിവസവും രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് വര്‍ക്ക് ഷോപ്പിന്റെ സമയം.
രജിസ്ട്രേഷന്: https://ksum.in/ fab_fabrication കൂടുതല്‍ വിവരങ്ങള്‍ക്ക്: +919809494669
സംസ്ഥാനത്തെ സംരംഭകത്വ വികസനത്തിനും ഇന്‍കുബേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കുമായി 2006ല്‍ സ്ഥാപിതമായ കേരള സര്‍ക്കാരിന്റെ നോഡല്‍ ഏജന്‍സിയാണ് കെഎസ് യുഎം.