അമ്മ ചക്ക മുറിക്കുന്നതിനിടെ കത്തിയുടെ മുകളിലേക്കു വീണ് എട്ടുവയസുകാരനു ദാരുണാന്ത്യം
Saturday, May 3, 2025 3:24 AM IST
കാസര്‍ഗോഡ്: അമ്മ ചക്ക മുറിക്കുന്നതിനിടെ കത്തിയുടെ മുകളിലേക്കു വീണ് എട്ടുവയസുകാരനു ദാരുണാന്ത്യം. ചെങ്കള പിലാങ്കട്ടയിലെ ഓട്ടോഡ്രൈവര്‍ അമീര്‍ കോളാരി-സുലൈഖ ദമ്പതികളുടെ മകന് ടി.എ. ഹുസൈന് ഷഹബാസ് ആണു മരിച്ചത്.
ബുധനാഴ്ച രാത്രി ചെങ്കള പാടി ബെള്ളൂറടുക്കയിലുള്ള അമ്മവീട്ടിലാണ് സംഭവം. അടുക്കളഭാഗത്ത് ഇരട്ടസഹോദരനൊപ്പം ഓടിക്കളിക്കുകയായിരുന്നു ഹുസൈന്. ഈ സമയം ചക്ക മുറിക്കുകയായിരുന്നു അമ്മ സുലൈഖ. കളിക്കുന്നതിനിടെ ഹുസൈന് കാല്‍വഴുതി കത്തിക്കു മുകളിലേക്കു വീഴുകയായിരുന്നു.
പലകയില്‍ അരിവാള്‍ പോലെ ഘടിപ്പിച്ചിരിക്കുന്ന കത്തി ഉപയോഗിച്ചാണ് കാസര്‍ഗോഡ് ഭാഗത്ത് ചക്ക മുറിക്കാറുള്ളത്. ഈ കത്തിയിലേക്കാണു കുട്ടി വീണത്. വീഴ്ചയില്‍ കുട്ടിയുടെ നെഞ്ചിന്റെ ഇടതുഭാഗത്ത് ആഴത്തിലുള്ള മുറിവേറ്റു. ഉടന്‍ തന്നെ കാസര്‍ഗോട്ടെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.