സ്വർണപ്പണയ സംവിധാനത്തിൽ മാറ്റം?
Wednesday, November 20, 2024 11:51 PM IST
മുംബൈ: സ്വർണപ്പണയ സംവിധാനത്തിൽ മാറ്റമുണ്ടായേക്കും. ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും സ്വർണപ്പണയവായ് പ പ്രതിമാസ തിരിച്ചടവ് സംവിധാനത്തിലാക്കാനാണ് നീക്കം നടത്തുന്നത്.
രാജ്യത്തെ പല ബാങ്കിംഗ് സ്ഥാപനങ്ങളും സ്വർണപ്പണയം വായ്പ നൽകുന്നതിൽ ചട്ടങ്ങൾ പാലിക്കുന്നില്ല എന്ന റിസർവ് ബാങ്കിന്റെ കണ്ടെത്തലിനെ തുടർന്നാണ് ബാങ്കിംഗ് സ്ഥാപനങ്ങൾ രീതി മാറ്റാനായി ഒരുങ്ങുന്നത്. രാജ്യത്ത് സ്വർണപ്പണയവായ്പ കുത്തനെ ഉയർന്നതിലും റിസർവ് ബാങ്ക് നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
വായ്പ അനുവദിച്ചാലുടൻ, ധനകാര്യ സ്ഥാപനങ്ങൾക്ക് ഉപഭോക്താക്കളോട് പലിശയും മുതലും തുല്യമായ പ്രതിമാസ തവണകളായി (ഇഎംഐ) അടയ്ക്കാൻ ആവശ്യപ്പെടാം. ഇഎംഐ സംവിധാനം മാത്രം അനുവദിക്കുന്നതോടെ, സ്വർണപ്പണയവായ്പകൾ പൂർണമായും ടേം ലോണ്‍ ആയി മാറും. അതായത്, മറ്റ് വായ്പകൾ തിരിച്ചടയ്ക്കുന്നതുപോലെ പ്രതിമാസ തവണകളായി മുതലും പലിശയും തിരിച്ചടയ്ക്കണം.
നിലവിലും ഈ സംവിധാനമുണ്ടെങ്കിലും മിക്ക ഇടപാടുകാരും അവസാനനിമിഷം പുതുക്കിവയ്ക്കുകയോ പണയപ്പണ്ടം തിരിച്ചെടുക്കുകയോ ചെയ്യുന്ന പ്രവണതയാണുള്ളത്. പുതിയ രീതിയിലേക്ക് സ്വർണപ്പണയവായ്പാ രീതി മാറുന്പോൾ ഇഎംഐ തുക പ്രതിമാസം തിരിച്ചടയ്ക്കാനുള്ള ശേഷി വായ്പ എടുക്കുന്നയാൾക്ക് ഉണ്ടോ എന്നുള്ള കാര്യം ബാങ്കുകൾ പരിശോധിക്കേണ്ടതായി വരും.
സ്വർണവായ്പാവിതരണത്തിൽ കെവൈസി ചട്ടം, കാഷ് പരിധി, എൽടിവി നിബന്ധന, പരിശുദ്ധി പരിശോധന തുടങ്ങിയവ പാലിക്കുന്നതിൽ ചില ധനകാര്യസ്ഥാപനങ്ങൾ വീഴ്ചവരുത്തുന്നുണ്ടെന്ന് റിസർവ് ബാങ്ക് ചൂണ്ടിക്കാട്ടിയിരുന്നു. വായ്പാത്തുക കരാർ ലംഘിച്ച് മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുക തുടങ്ങിയ വീഴ്ചകളായിരുന്നു റിസർവ് ബാങ്ക് കണ്ടെത്തിയിരുന്നത്.
സ്വർണപ്പണയ വായ്പ തിരിച്ചടവ് ഇഎംഐ രീതിയിലേക്ക് മാറുന്പോൾ ലോണുകൾക്ക് നിശ്ചിത തിരിച്ചടവ് കാലാവധി ഉണ്ടായിരിക്കും. ഈ കാലയളവിനുള്ളിൽ നിശ്ചിത തുക പ്രതിമാസം അടച്ച് ലോണ്‍ തുക പൂർത്തീകരിക്കാൻ കഴിയുന്നതാണ്.
നിലവിൽ ഭൂരിഭാഗം പേരും അവസാന നിമിഷം പുതുക്കിവയ്ക്കുകയോ പണയപ്പണ്ടം തിരിച്ചെടുക്കുകയോ ആണ് ചെയ്യുന്നത്. ഇഎംഐ പ്രതിബന്ധങ്ങളൊന്നുമില്ലാതെ കാലാവധി അവസാനിക്കുന്പോൾ മുഴുവൻ തുകയും അടച്ച് വായ്പ തീർപ്പാക്കുന്ന ബുള്ളറ്റ് സംവിധാനം വായ്പ നൽകുന്നവർ നൽകാറുണ്ട്. കൂടാതെ വായ്പാ കാലാവധിക്കു മുന്‍പുതന്നെ പണമുള്ളപ്പോൾ മുതലും പലിശയും അടച്ചു തീർക്കുന്ന സൗകര്യങ്ങളുമുണ്ട്.
സെപ്റ്റംബർ 30 വരെ 1.4 ലക്ഷം കോടി രൂപ ജൂവലറി വായ്പയായി ബാങ്കുകൾ വിതരണം ചെയ്തതായി ആർബിഐയുടെ റിപ്പോർട്ടിൽ പറയുന്നു. 51 ശതമാനത്തിന്റെ ഉയർച്ചയാണിത്. ഒരു വർഷം മുന്‍പ് 14.6 ശതമാനം ഉയർച്ചയായിരുന്നു.