ലക്നോ സൂപ്പർ ജയന്റ്സിനെ ഡൽഹി ക്യാപ്പിറ്റൽസ് കീഴടക്കി
Tuesday, March 25, 2025 1:20 AM IST
വിശാഖപട്ടണം: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ ചേസിംഗിന്റെ ആകാംഷ നിറഞ്ഞ മത്സരത്തിൽ ഡൽഹി ക്യാപ്പിറ്റൽസിനു ജയം. ലക്നോ സൂപ്പർ ജയന്റ്സിനെ മൂന്നു പന്തുകൾ ബാക്കിവച്ച് ഒരു വിക്കറ്റിനു ഡൽഹി കീഴടക്കി.
സ്കോർ: ലക്നോ 20 ഓവറിൽ 209/8. ഡൽഹി 19.3 ഓവറിൽ 211/9. ലക്നോയ്ക്ക് ഐപിഎല്ലിൽ 200+ റണ്‍സ് നേടി, അതു ഡിഫെൻഡ് ചെയ്യാൻ സാധിക്കാതെ വരുന്നത് ഇതാദ്യമാണ്. ഇംപാക്ട് പ്ലെയറായി എത്തിയ അഷുതോഷ് ശർമയുടെ ബാറ്റിംഗാണ് ഡൽഹി ക്യാപ്പിറ്റൽസിന്റെ തിരിച്ചടിക്കു ചുക്കാൻ പിടിച്ചത്.
ഏഴാം നന്പറായി ക്രീസിൽ എത്തിയ അഷുതോഷ് ശർമ 31 പങ്കിൽ 66 റണ്‍സുമായി പുറത്താകാതെ നിന്നു. അഞ്ച് സിക്സും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു അഷുതോഷിന്റെ അത്യുജ്വല ഇന്നിംഗ്സ്. സ്റ്റബ്സ് (34), വിപ് രാജ് നിഗം (39) എന്നിവരും ഡൽഹിക്കായി തിളങ്ങി.
ടോസ് നഷ്ടപ്പെട്ടു ക്രീസിലെത്തിയ ലക്നോ സൂപ്പർ ജയന്റ്സിനു വേണ്ടി എയ്ഡൻ മാക്രവും മിച്ചൽ മാർഷും മികച്ച തുടക്കമിട്ടു. എന്നാൽ, 4.4 ഓവറിൽ 46 റണ്‍സിൽനിൽക്കേ മാക്രം (13 പന്തിൽ 15) പുറത്ത്. രണ്ടാം വിക്കറ്റിൽ നിക്കോളാസ് പുരാനും മാർഷും ചേർന്ന് ടീമിന്റെ സ്കോർ റോക്കറ്റ് വേഗത്തിലാക്കി.
30 പന്തിൽ ഏഴു സിക്സും ആറു ഫോറും അടക്കം 75 റണ്‍സ് നേടിയ നിക്കോളാസ് പുരാന്റെ ബാറ്റിന്റെ പ്രഹരശേഷി ഡൽഹി ബൗളർമാർ ശരിക്കും മനസിലാക്കി. നേരിട്ട 24-ാം പന്തിൽ പുരാൻ അർധസെഞ്ചുറിയിലെത്തി.
പിന്നീട് ഗിയർ മാറിയ വെസ്റ്റ് ഇൻഡീസ് താരം 250 സ്ട്രൈക്ക് റേറ്റിലാണ് ക്രീസ് വിട്ടത്. 36 പന്തിൽ ആറു സിക്സും ആറ് ഫോറും അടക്കം 72 റണ്‍സ് മിച്ചൽ മാർഷും സ്വന്തമാക്കി. നേരിട്ട 21-ാം പന്തിലായിരുന്നു മാർഷിന്റെ അർധസെഞ്ചുറി. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 87 റണ്‍സ് സ്വന്തമാക്കി.
പന്തിനു നാണക്കേട്
ക്യാപ്റ്റൻ ഋഷഭ് പന്ത് ആറു പന്ത് നേരിട്ട് അക്കൗണ്ട് തുറക്കാതെ പുറത്ത്. കുൽദീപ് യാദവിനായിരുന്നു വിക്കറ്റ്. ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പന്ത് നേരിട്ടശേഷം പൂജ്യത്തിനു പുറത്താകുന്നതിൽ രണ്ടാം സ്ഥാനക്കാരനായി പന്ത്.
എട്ട് പന്ത് നേരിട്ട് പൂജ്യത്തിനു പുറത്തായ ഗൗതം ഗംഭീറിന്റെ (2014) പേരിലാണ് റിക്കാർഡ്. 19 പന്തിൽ 27 റണ്‍സുമായി പുറത്താകാതെ നിന്ന ഡേവിഡ് മില്ലർ മാത്രമാണ് ലക്നോ മധ്യനിരയിൽ ശോഭിച്ചത്. ഡൽഹിക്കുവേണ്ടി മിച്ചൽ സ്റ്റാർക്ക് മൂന്നും കുൽദീപ് യാദവ് രണ്ടും വിക്കറ്റ് വീഴ്ത്തി.