അച്ഛന്റെയും അമ്മയുടെയും വിക്കി
Tuesday, March 25, 2025 1:20 AM IST
മലപ്പുറം: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരത്തിൽ എം.എസ്. ധോണിയുടെപോലും പ്രശംസ ഏറ്റുവാങ്ങി മലപ്പുറം പയ്യൻ വിഘ്നേഷ് പുത്തൂർ.
മുംബൈ ഇന്ത്യൻസിന്റെ താരമായ ഈ ഇരുപത്തിനാലുകാരൻ അരങ്ങേറ്റ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ മൂന്നു നിർണായക വിക്കറ്റ് വീഴ്ത്തി. നാട്ടിൻപുറത്തു നിന്നാണ് വിഘ്നേഷ് കളിച്ചുയർന്നത്. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ കുന്നപ്പള്ളി വളയംമൂച്ചിയിലെ പുത്തൂർ സുനിൽകുമാറിന്റെ ഏക മകൻ. സുനിൽകുമാർ പെരിന്തൽമണ്ണ നഗരത്തിൽ ഓട്ടോ ഓടിക്കുന്നു. മാതാവ് കെ.പി. ബിന്ദു വീട്ടമ്മയാണ്.
വിഘ്നേഷിന്റെ സ്കൂൾ പഠനം അങ്ങാടിപ്പുറം തരകൻ സ്കൂളിലായിരുന്നു. പെരിന്തൽമണ്ണ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു പൂർത്തിയാക്കി. തുടർന്ന് ക്രിക്കറ്റിനായി തൃശൂർ സെന്റ് തോമസ് കോളജിൽ ഡിഗ്രിക്ക് ചേർന്നു. പെരിന്തൽമണ്ണ പിടിഎം ഗവണ്മെന്റ് കോളജിൽ എംഎ ലിറ്ററേച്ചർ വിദ്യാർഥിയാണിപ്പോൾ.
ചെറുപ്പത്തിൽത്തന്നെ വിഘ്നേഷിന് ക്രിക്കറ്റിനോട് ഭ്രമമുണ്ടായിരുന്നു. പെരിന്തൽമണ്ണ അലങ്കാർ സിനിമാശാലയ്ക്കു (പഴയ പേര്) സമീപത്തെ വിജയനായിരുന്നു ആദ്യ കോച്ച്. അന്നേ വിഘ്നേഷ് പന്തെറിയുന്പോൾ കൈചലനത്തിന്റെ വൈഭവത്തെക്കുറിച്ച് വിജയൻ പറഞ്ഞിരുന്നു. പിന്നീട് ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുന്പോൾ വിഘ്നേഷ് പെരിന്തൽമണ്ണ ജോളി റോവോഴ്സ് ക്രിക്കറ്റ് ടീമിലെത്തി.
തുടർന്ന് തൃശൂരിൽ പഠിക്കുന്പോൾ കെസിഎയുടെ അക്കാഡമിയിലെ മുതിർന്ന കോച്ചായിരുന്ന ശശിധരന്റെ കീഴിലായിരുന്നു പരിശീലനം. ഏതാണ്ട് എട്ടുവർഷം ജോളി റോവേഴ്സിന്റെ താരമായി വിഘ്നേഷ് തിളങ്ങി. അങ്ങാടിപ്പുറം തേക്കിൻകോട് ക്രിക്കറ്റ് സ്റ്റേഡിയത്തിലായിരുന്നു വിഘ്നേഷിന്റെ പരിശീലനം. പഠനവും കളിയും ഒരുപോലെ മുന്നോട്ടു കൊണ്ടുപോകാൻ വിഘ്നേഷിന് സാധിച്ചുവെന്നാണ് പ്രധാന നേട്ടം.
ആദ്യകാലത്ത് വിഘ്നേഷിന് കളി ഉപകരണങ്ങൾ വാങ്ങിനൽകാൻ പിതാവ് സുനിൽകുമാർ ഏറെ കഷ്ടപ്പെട്ടു. ഓട്ടോ ഓടിച്ചു കിട്ടുന്ന വരുമാനംകൊണ്ടു മകന്റെ പഠനവും കളിയുമെല്ലാം സുനിൽകുമാർ നിറവേറ്റി. അവന്റെ ആഗ്രഹം ഒരിക്കലും നിറവേറ്റാതെയിരുന്നിട്ടില്ലെന്ന് പിതാവ് സുനിൽകുമാറും മാതാവ് ബിന്ദുവും പറയുന്നു.
പെരിന്തൽമണ്ണ ജോളി റോവേഴ്സ് ക്ലബ്ബിലെത്തിയതോടെ പ്രയാസങ്ങളെല്ലാം മാറിയെന്ന് ഇവർ പറയുന്നു. ആദ്യകളിയിൽ മികച്ച പ്രകടനം നടത്താൻ മകന് കഴിഞ്ഞതിൽ അഭിമാനവും സന്തോഷവും തോന്നുന്നതായി മാതാപിതാക്കൾ പറയുന്നു. മത്സരം കഴിഞ്ഞ ശേഷം അവൻ വിളിക്കാറുണ്ട്. സമ്മർദമില്ലാതെ അവൻ കളിക്കുന്നുണ്ട്; അത് അനുഗ്രഹമാണെന്നും ഇരുവരും പറയുന്നു.