ഇഷാൻ ഇഷ്ക് ; ഇഷാൻ കിഷന് ഐപിഎൽ 2025 സീസണിലെ ആദ്യ സെഞ്ചുറി
Monday, March 24, 2025 2:17 AM IST
ഹൈദരാബാദ്: ഐപിഎൽ ചരിത്രത്തിൽ 300 റണ്‍സ് സ്കോർ ചെയ്യുന്ന ആദ്യ ടീം എന്ന റിക്കാർഡ് കുറിക്കാൻ വെന്പുന്ന സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ഹൈവോൾട്ടേജ് ബാറ്റിംഗിൽ രാജസ്ഥാൻ റോയൽസിനു തോൽവി. ഇഷാൻ കിഷന്റെ സെഞ്ചുറിയാണ് (106 നോട്ടൗട്ട്) സണ്‍റൈസേഴ്സിന്റെ ഇന്നിംഗ്സിൽ പവർഹൗസായത്. ഐപിഎൽ 2025 സീസണിലെ ആദ്യ സെഞ്ചുറി സ്വന്തമാക്കിയ ഇഷാൻ കിഷനാണ് പ്ലെയർ ഓഫ് ദ മാച്ച്.
ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ സണ്‍റൈസേഴ്സ് 20 ഓവറിൽ അടിച്ചുകൂട്ടിയത് ആറു വിക്കറ്റ് നഷ്ടത്തിൽ 286 റണ്‍സ്. ഐപിഎൽ ചരിത്രത്തിൽ തങ്ങളുടെതന്നെ റിക്കാർഡ് സ്കോറായ 287 ഒരുഘട്ടത്തിൽ സണ്‍റൈസേഴ്സ് തകർക്കുമെന്നു തോന്നിപ്പിച്ചു. എന്നാൽ, 300ന് 14 റണ്‍സിന്റെ അകലെ സണ്‍റൈസേഴ്സിന്റെ ഒന്നാം ഇന്നിംഗ്സ് നിശ്ചലമായി.
ഇംപാക്ട് പ്ലെയറായെത്തിയ ക്യാപ്റ്റൻ സഞ്ജു സാംസണും (66) സഞ്ജുവിന്റെ പകരമായി വിക്കറ്റ് കീപ്പറായ ധ്രുവ് ജുറെലും (70) ചേർന്ന് രാജസ്ഥാന്റെ തിരിച്ചടിക്കു നേതൃത്വം നൽകി. എന്നാൽ, ആറു വിക്കറ്റ് നഷ്ടത്തിൽ 242 റണ്‍സിൽ രാജസ്ഥാന്റെ പോരാട്ടം അവസാനിച്ചു. അതോടെ 2024 ഫൈനലിസ്റ്റുകളായ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 44 റണ്‍സിന്റെ ജയം.
ഇഷാൻ ഇഫക്റ്റ്
ഹൈദരാബാദുകാരുടെ ഇഷ്കായി മാറിയ ഇന്നിംഗ്സോടെയാണ് ഇഷാൻ കിഷൻ ക്രീസ് വാണത്. മുംബൈ ഇന്ത്യൻസ് മുൻതാരമായ ഇഷാന്റെ സണ്‍റൈസേഴ്സ് ജഴ്സിയിലെ അരങ്ങേറ്റമായിരുന്നു. മൂന്നാം നന്പറിൽ ക്രീസിലെത്തിയ ഇഷാൻ 47 പന്തിൽ 106 റണ്‍സുമായി പുറത്താകാതെ നിന്നു. ആറു സിക്സും 11 ഫോറും അടങ്ങുന്നതായിരുന്നു ഇഷാന്റെ ഇന്നിംഗ്സ്. സ്ട്രൈക്ക് റേറ്റ് 225.53ഉം, ഹൈവോൾട്ടേജ്. ഐപിഎല്ലിൽ ഇഷാന്റെ കന്നി സെഞ്ചുറിയാണ്.
വെടിക്കെട്ട് തുടക്കം കുറിച്ച അഭിഷേക് ശർമ (11 പന്തിൽ 24), ട്രാവിസ് ഹെഡ് (31 പന്തിൽ 67) ഓപ്പണിംഗ് ജോഡി പിരിഞ്ഞതോടെയാണ് ഇഷാൻ കിഷൻ എത്തിയത്. ഹെഡ്ഡും ഇഷാനും ചേർന്നു രണ്ടാം വിക്കറ്റിൽ 39 പന്തിൽ 85 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. നിതീഷ് കുമാർ റെഡ്ഡി (15 പന്തിൽ 30), ഹെൻറിച്ച് ക്ലാസൻ (14 പന്തിൽ 34) എന്നിവരും സണ്‍റൈസേഴ്സിന്റെ സ്കോറിംഗിൽ കരുത്തേകി.
സഞ്ജു, ജുറെൽ
കൂറ്റൻ ലക്ഷ്യത്തിനായി ക്രീസിൽ ചുവട് ഉറപ്പിക്കും മുന്‍പേ രാജസ്ഥാൻ റോയൽസിനു തിരിച്ചടിയേറ്റു. യശസ്വി ജയ്സ്വാളിനെ (1) സിമർജീത് സിംഗിന്റെ പന്തിൽ പോയിന്റിൽ മനോഹര ക്യാച്ചിലൂടെ മനോഹർ പുറത്താക്കി. ഒരു പന്തിന്റെ ഇടവേളയിൽ റിയാൻ പരാഗും (4) സിമർജീത് സിംഗിനു വിക്കറ്റ് സമ്മാനിച്ചു. നിതീഷ് റാണയ്ക്കും (11) പിടിച്ചു നിൽക്കാനായില്ല. അതോടെ രാജസ്ഥാൻ 4.1 ഓവറിൽ 50/3. നാലാം വിക്കറ്റിൽ ധ്രുവ് ജുറെലും (35 പന്തിൽ 70), സഞ്ജുവും (37 പന്തിൽ 66) 60 പന്തിൽ 111 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ഈ കൂട്ടുകെട്ടാണ് 200 കടക്കാൻ രാജസ്ഥാനു സഹായകമായത്. ഷിംറോണ്‍ ഹെറ്റ്മയർ (23 പന്തിൽ 40), ശിവം ദുബെ (11 പന്തിൽ 34) എന്നിവരും രാജസ്ഥാന്റെ തിരിച്ചടിയിൽ ശോഭിച്ചു.
അടിവാങ്ങി ആർച്ചർ തളർന്നു
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ദയനീയ ബൗളിംഗ് എന്ന നാണക്കേട് രാജസ്ഥാന്റെ ഇംഗ്ലീഷ് പേസർ ജോഫ്ര ആർച്ചർ സ്വന്തമാക്കി. നാല് ഓവറിൽ 76 റണ്‍സ് ആണ് ആർച്ചർ വഴങ്ങിയത്. ഐപിഎല്ലിലെ ഏറ്റവും എക്സ്പെൻസീവ് സ്പെൽ. കഴിഞ്ഞ സീസണിൽ ഗുജറാത്ത് ടൈറ്റൻസിന്റെ മോഹിത് ശർമ ഡൽഹി ക്യാപ്പിറ്റൽസിനെതിരേ നാല് ഓവറിൽ 73 റണ്‍സ് വഴങ്ങിയത് ഇതോടെ പിന്തള്ളപ്പെട്ടു. രാജസ്ഥാൻ റോയൽസിനുവേണ്ടി തുഷാർ ദേശ്പാണ്ഡെ നാല് ഓവറിൽ 44 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് നേടി.
ഹൈവോൾട്ട് ഹൈദരാബാദ്
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ആക്രണോത്സുക ബാറ്റിംഗ് സംഘമാണ് നിലവിലെ സണ്‍റൈസേഴ്സ് ഹൈദരാബാദ്. 2024 സീസണ് മുതൽ അവർ അക്കാര്യം അടിവരയിടുന്നു. ഐപിഎൽ ചരിത്രത്തിൽ 265 റണ്‍സിനു മുകളിൽ ഇതുവരെ ആകെ അഞ്ചു പ്രാവശ്യം മാത്രമാണ് കുറിക്കപ്പെട്ടത്. അതിൽ നാലും സണ്റൈസേഴ്സുകാരാണ്. 2024ൽ ഡൽഹി ക്യാപ്പിറ്റൽസിന് എതിരേ 266/7, മുംബൈ ഇന്ത്യൻസിന് എതിരേ 277/3, റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് എതിരേ 287/3, ഇന്നലെ രാജസ്ഥാൻ റോയൽസിന് എതിരേ 286/6. ഐപിഎൽ ചരിത്രത്തിലെ ആദ്യ മൂന്ന് ടീം ടോട്ടലും 287/3, 286/6, 277/3 ഹൈദരാബാദിനു സ്വന്തം.

രാജസ്ഥാന് എതിരേ 34 ഫോർ സണ്‍റൈസേഴ്സ് ബാറ്റർമാർ അടിച്ചുകൂട്ടി. പുരുഷ ട്വന്റി-20 ചരിത്രത്തിൽ റിക്കാർഡ് ആണിത്. ബൗണ്ടറികളിലൂടെ മാത്രം 208 റണ്‍സാണ് ഇന്നലെ സണ്‍റൈസേഴ്സ് നേടിയതെന്നതും ശ്രദ്ധേയം. ബൗണ്ടറിയിലൂടെ ഐപിഎല്ലിൽ ഏറ്റവും കൂടുതൽ റണ്‍സ് നേടിയതിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനു (210) പിന്നിൽ രണ്ടാം സ്ഥാനത്തും സണ്‍റൈസേഴ്സ് എത്തി.
2024 ഐപിഎൽ സീസണിൽത്തന്നെ ബാറ്റിംഗ് കടന്നാക്രമണമായിരുന്നു സൺറൈസേഴ്സ് ഹൈദരാബാദ് നടത്തിയത്. കഴിഞ്ഞ സീസണിൽ ഉണ്ടായിരുന്ന അഭിഷേക് ശർമ, ട്രാവിസ് ഹെഡ്, ഹെൻറിച്ച് ക്ലാസൻ, നിതീഷ് കുമാർ റെഡ്ഡി എന്നിവർക്കൊപ്പം ഇഷാൻ കിഷൻ കൂടി ചേർന്നതോടെ സൺറൈസേഴ്സ് 2025 സീസണിൽ 300 റൺസ് തൊട്ടാൽ അദ്ഭുതമില്ല.