ലോക ചെസ് ചാന്പ്യന്‍ഷിപ്പ് മൂന്നാം റൗണ്ടിൽ ഗുകേഷിന് അട്ടിമറി വിജയം
Thursday, November 28, 2024 1:54 AM IST
സോബിച്ചൻ തറപ്പേൽ
ലോക ചെസ് കിരീടത്തിനായി സിംഗപ്പുരിലെ റിസോര്‍ട്ട്സ് വേള്‍ഡ് സെന്റോസയില്‍ നടക്കുന്ന ആവേശകരമായ പോരാട്ടത്തിന്റെ മൂന്നാം ഗെയിമില്‍ ഇന്ത്യയുടെ ഡി. ഗുകേഷിനു നിലവിലെ ചാമ്പ്യന്‍ ചൈനയുടെ ഡിങ് ലിറനെതിരേ അട്ടിമറി ജയം.
ഒന്നാം ഗെയിമിൽ വിജയിച്ച് മത്സരത്തിന്റെ തുടക്കത്തിൽ മേധാവിത്വം നേടിയിരുന്ന ഡിങ് ലിറന് മൂന്നാം ഗെയിമിലെ തോല്‍വി കനത്ത തിരിച്ചടിയായി. ഗുകേഷിന്റെ ശക്തമായ ആക്രമണത്തെ പ്രതിരോധിക്കാനാകാതെ സമയ സമ്മര്‍ദത്തിലായ ഡിങ്, നിശ്ചിത സമയത്തിനുള്ളില്‍ നീക്കങ്ങള്‍ പൂര്‍ത്തീകരിക്കാനാകാതെ തോല്‍വി വഴങ്ങുകയായിരുന്നു.
രണ്ടാം മത്സരം സമനിലയിലവസാനിച്ചിരുന്നു. ഈ വിജയത്തോടെ മത്സരത്തിന്റെ ആദ്യ ഘട്ടത്തില്‍ 1.5 - 1.5 എന്ന നിലയില്‍ ഗുകേഷ് ഡിങ് ലിറനോട് തുല്യത പാലിച്ചിരിക്കുകയാണ്.
വെള്ള കരുക്കള്‍ നീക്കിയ ഗുകേഷ് മൂന്നാം ഗെയിമില്‍ ‘d4 ' ഓപ്പണിംഗാണ് തെരഞ്ഞെടുത്തത്. ക്വീന്‍സ് ഗാംബിറ്റ് ഡിക്ലൈന്‍ഡ് - എക്സ്ചേഞ്ച് വേരിയേഷനിലാണ് കളി പുരോഗമിച്ചത്. തുടര്‍ന്ന് ഒന്‍പതാം നീക്കത്തില്‍ ക്വീനുകള്‍ തമ്മില്‍ വെട്ടി മാറാന്‍ അനുവദിച്ചുകൊണ്ട് ഗുകേഷ് കാസ്ലിംഗ് പോലും നടത്താതെ കിംഗ് സൈഡിലൂടെ ബ്ലാക്കിന്റെ ബിഷപ്പിനെ ആക്രമിച്ചു. എന്നാല്‍, വൈറ്റിന്റെ പാളയത്തിലെത്തി ആ ബിഷപ്പുകൊണ്ട് കാലാളിനെ ആക്രമിക്കാനാണ് ഡിങ് തുനിഞ്ഞത്. ‘h' ഫയല്‍ ഓപ്പണ്‍ ചെയ്തുകൊണ്ട് ഡിങ് ലിറനും പോരാട്ടത്തിന്റെ സൂചനകള്‍ നല്കി.
പാളയത്തിലകപ്പെട്ട ബിഷപ്പിനെ പിന്തുണക്കാന്‍ ബ്ലാക്കിന്റെ കുതിരയെത്തിയെങ്കിലും ഗുകേഷിന്റെ കൃത്യതയാര്‍ന്ന നീക്കത്തില്‍ ബ്ലാക് ബിഷപ്പിനെ നഷ്ടപ്പെടുകയാണുണ്ടായത്.
രണ്ടു പോണുകള്ക്കു പകരം ഒരു മൈനർ പീസിന്റെ മേല്‍ക്കൈ നേടിയ ഗുകേഷ് പിന്നീട് വിജയത്തിനായി ശക്തമായി പോരാടി. പിഴവുകളില്ലാത്ത നീക്കങ്ങളിലൂടെ ഗുകേഷ് ഡിങ്ങിനെ കൂടുതല്‍ സമ്മര്‍ദത്തിലാക്കി.
ആദ്യ പതിമൂന്നു നീക്കങ്ങള്‍ക്കായി ഗുകേഷ് നാലു മിനിറ്റു മാത്രമെടുത്തപ്പോള്‍ അത്രയും നീക്കങ്ങള്‍ക്കായി ഡിങ് ഒരു മണിക്കൂറിലേറെ സമയമെടുത്തു. 27 നീക്കങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ മത്സരത്തിലെ 40 നീക്കം തികയ്ക്കാനായി ഡിങ്ങിന് 13 മിനിറ്റു മാത്രമേ ശേഷിച്ചിരുന്നുള്ളൂ. അവസാന ഏഴു നീക്കത്തിനായി 45 സെക്കൻഡ് മാത്രം ശേഷിക്കെ തിടുക്കത്തില്‍ കരുക്കള്‍ നീക്കി കൊണ്ട് ഡിങ് പൊരുതിയെങ്കിലും 37-ാം നീക്കമായപ്പോൾ ക്ലോക്കില്‍ ഫ്ലാഗ് വീണിരുന്നു.
വിജയത്തില്‍ മതിമറന്ന് ഗുകേഷിന്റെ ആരാധകര്‍ ‘ഗോ ഗോ ഗുകി ഗോ’ എന്ന ആശംസാ ഗാനത്തിനൊപ്പം ആനന്ദനൃത്തമാടി. ഇന്നു വിശ്രമദിനമാണ്. നാലാം റൗണ്ട് നാളെ നടക്കും.