ട്രിപ്പിൾ സ്ട്രൈക്ക്
Monday, November 25, 2024 2:23 AM IST
പെർത്ത്: ബോർഡർ-ഗാവസ്കർ പെർത്ത് ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്കു മേൽക്കൈ. യുവ ഓപ്പണർ യശസ്വി ജയ്സ്വാളിനു പിന്നാലെ, ഫോമിലേക്ക് തിരിച്ചെത്തിയ വിരാട് കോഹ്ലിയും സെഞ്ചുറി നേടിയതോടെ ഇന്ത്യ കൂറ്റൻ വിജയലക്ഷ്യം കുറിച്ചു.
ഈ വിജയലക്ഷ്യത്തിനു മുന്നിൽ ഓസീസിന് തകർച്ച. ഇന്ത്യ ഉയർത്തിയ 534 റണ്‍സ് ലക്ഷ്യം പിന്തുടരുന്ന ഓസീസ്് മൂന്നാം ദിവസം 4.2 ഓവർ ബാറ്റ് ചെയ്തപ്പോൾ കിട്ടിയത് 12 റണ്‍സും നഷ്ടമായത് മൂന്നു വിക്കറ്റുകളും. ഓപ്പണർ ഉസ്മാൻ ഖ്വാജ (മൂന്ന്) ക്രീസിലുണ്ട്. രണ്ടു ദിവസത്തെ കളിയും ഏഴു വിക്കറ്റും ശേഷിക്കേ തോൽവി ഒഴിവാക്കാൻ ഓസീസിന് ഇനിയും 522 റണ്‍സ് കൂടി വേണം. രണ്ടു വിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റൻ ജസ്പ്രീത് ബുംറ ഒരു വിക്കറ്റെടുത്ത മുഹമ്മദ് സിറാജ് എന്നിവരാണ് ഇന്ത്യക്ക് മേധാവിത്വം സമ്മാനിച്ചത്.
നാലു പന്തു നേരിട്ട് റണ്ണൊടുക്കാതെ നിന്ന ഓപ്പണർ നഥാൻ മക്സ്വീനിയെ ആദ്യ ഓവറിൽത്തന്നെ ബുംറ വിക്കറ്റിനു മുന്നിൽ കുരുക്കി. നൈറ്റ് വാച്ച്മാന്റെ ചുമതല സ്വയം ഏറ്റെടുത്ത് വണ്‍ഡൗണായി എത്തിയ ഓസീസ് നായകൻ പാറ്റ് കമ്മിൻസിനെ (എട്ടു പന്തുകൾ നേരിട്ട് രണ്ടു റണ്‍സ്) മുഹമ്മദ് സിറാജ് സ്ലിപ്പിൽ കോഹ്ലിയുടെ കൈകളിലെത്തിച്ചു. അടുത്ത ഓവറിൽ ബുംറ മാർനസ് ലബുഷെയ്നെ വിക്കറ്റിനു മുന്നിൽ കുരുക്കിയതോടെ ഓസീസ് വൻ അപകടത്തിലേക്കു വീണു.
‘ഇരട്ട സെഞ്ചുറി’
ജയ്സ്വാളിന്റെ സെഞ്ചുറിയോടെയാണ് മൂന്നാം ദിവസം ഇന്ത്യ തുടങ്ങിയത്. ജോഷ് ഹെയ്സൽവുഡ് എറിഞ്ഞ 62-ാം ഓവറിലെ അഞ്ചാം പന്ത് ഫൈൻ ലെഗിലേക്ക് സിക്സർ പറത്തി രാജകീയമായി ജയ്സ്വാൾ ഓസീസ് മണ്ണിൽ കന്നി സെഞ്ചുറി പൂർത്തിയാക്കി.
2014-15ൽ സിഡ്നിയിൽ കെ.എൽ. രാഹുൽ സെഞ്ചുറി നേടിയ ശേഷം ഓസീസ് മണ്ണിൽ ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ ഓപ്പണറാണ് ജയ്സ്വാൾ.
അടുത്ത ഓവറിൽ കെ.എൽ. രാഹുലിനെ (176 പന്തിൽ 77) മിച്ചൽ സ്റ്റാർക്് വിക്കറ്റ് കീപ്പർ അലക്സ് കാരിയുടെ കൈകളിലെത്തിച്ചു. 201 റണ്‍സിന്റെ ഓപ്പണിംഗ് കൂട്ടുകെട്ടാണ് ജയ്സ്വാളും രാഹുലും തീർത്തത്. ഓസീസ് മണ്ണിൽ ഒരു ഇന്ത്യൻ ഓപ്പണിംഗ് സഖ്യത്തിന്റെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണിത്.
1986ൽ സുനിൽ ഗാവസ്കറും കൃഷ്ണമാചാരി ശ്രീകാന്തും ചേർന്ന് സിഡ്നിയിൽ നേടിയ 191 റണ്‍സാണ് ഇവർ മറികടന്നത്. പിന്നാലെയെത്തിയ ദേവ്ദത്ത് പടിക്കലും മികച്ച പിന്തുണ നല്‍കിയതോടെ ജയ്സ്വാൾ അനായാസം സ്കോർ ചെയ്തു. മൂന്നാം ദിനം ഉച്ചഭക്ഷണത്തിനു പിരിയുന്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 275 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ. ഹെയ്സൽവുഡ് പടിക്കലിനെ (25) സ്റ്റീവൻ സ്മിത്തിന്റെ കൈകളിലെത്തിച്ചു.
297 പന്തിൽ 15 ഫോറും മൂന്നു സിക്സും സഹിതം 161 റണ്‍സെടുത്ത യശസ്വി ജയ്സ്വാൾ പുറത്തായതിനു പിന്നാലെ ഋഷഭ് പന്ത് (ഒന്ന്), ധ്രുവ് ജുറെൽ (ഒന്ന്) എന്നിവരുടെ വിക്കറ്റുകൾ പെട്ടെന്നെടുക്കാൻ ഓസീസിനായി. എന്നാൽ വാഷിംഗ്ടണ്‍ സുന്ദർ (29), നിതീഷ് കുമാർ റെഡ്ഢി (38*) എന്നിവർക്കൊപ്പം അർധ സെഞ്ചുറി കൂട്ടുകെട്ടുകൾ തീർത്ത കോഹ്ലി ടെസ്റ്റിലെ 30-ാമത്തെ സെഞ്ചുറിയിലേക്കെത്തി. കഴിഞ്ഞ വർഷം ജൂലൈക്കുശേഷം കോഹ്ലി നേടുന്ന ആദ്യ ടെസ്റ്റ് സെഞ്ചുറിയാണ്.
കോഹ്ലി സെഞ്ചുറി പൂർത്തിയാക്കി ഇന്ത്യ വൻ ലീഡിലെത്തിയതിനു തൊട്ടുപിന്നാലെയാണ്് ബുംറ ഡിക്ലറേഷൻ പ്രഖ്യാപിച്ചത്. പ്രതിരോധവും ഒപ്പം ആക്രമണവും നടത്തിയ കോഹ്ലി 143 പന്തിൽ എട്ടു ഫോറും രണ്ടു സിക്സും സഹിതമാണ് 80-ാം രാജ്യാന്തര സെഞ്ചുറി പൂർത്തിയാക്കിയത്. കോഹ് ലി ഓസ്ട്രേലിയയിൽ നേടുന്ന ഏഴാമത്തെ സെഞ്ചുറിയാണ്. ആറു സെഞ്ചുറിയുള്ള സച്ചിൻ തെണ്ടുൽക്കറെയാണ് മറികടന്നത്.
സ്കോർ ബോർഡ്
ഇന്ത്യ ഒന്നാം ഇന്നിംഗ്സ് 150
ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സ് 104
ഇന്ത്യ രണ്ടാം ഇന്നിംഗ്സ്
ജയ്സ്വാൾ സി സ്മിത്ത് ബി മാർഷ് 161, രാഹുൽ സി കാരി ബി സ്റ്റാർക് 77, പടിക്കൽ സി സ്മിത് ബി ഹെയ്സൽവുഡ് 25, കോഹ് ലി നോട്ടൗട്ട് 100, പന്ത് സി കാരി ബി ലിയോണ്‍ 1, ജുറെൽ എൽബിഡബ്ല്യു ബി കമ്മിൻസ് 1, വാഷിംഗ്ടണ്‍ സുന്ദർ ബി ലിയോണ്‍ 29, നിതീഷ് കുമാർ റെഡ്ഢി നോട്ടൗട്ട് 38, എക്സ്ട്രാസ് 55, ആകെ 134. 3 ഓവറിൽ 487/6 ഡിക്ലയേർഡ്.
ബൗളിംഗ്
സ്റ്റാർക് 26-2-111-1, ഹെയ്സൽവുഡ് 21-9-28-1, കമ്മിൻസ് 25-5-86-1, മാർഷ് 12-0-65-1, ലിയോണ്‍ 39-5-96-2, ലബുഷെയ്ൻ 6.3-0-38-0, ഹെഡ് 5-0-26-0
ഓസ്ട്രേലിയ
രണ്ടാം ഇന്നിംഗ്സ്
മാക്സ്വീനി എൽബിഡബ്ല്യു ബി ബുംറ 0, ഖ്വാജ നോട്ടൗട്ട് 3, കമ്മിൻസ് സി കോഹ് ലി ബി സിറാജ് 2, ലബുഷെയ്ൻ എൽബിഡബ്ല്യു ബി ബുംറ 3, എക്സ്ട്രാസ് 4, ആകെ 4.2 ഓവറിൽ 12/3.
ബൗളിംഗ്
ബുംറ 2.2-1-1-2, സിറാജ് 2-0-7-1.