ശ്രീലങ്കയിൽ പ്രസിഡന്റ് ദിസനായകെയുടെ പാർട്ടിക്ക് മൂന്നിൽ രണ്ടു ഭൂരിപക്ഷം
Saturday, November 16, 2024 12:05 AM IST
കൊളംബോ: ശ്രീലങ്കൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് അനുര കുമാര ദിസനായകെയുടെ നാഷണൽ പീപ്പിൾസ് പവർ (എൻപിപി) സഖ്യം മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ തകർപ്പൻ ജയം നേടി. 225 അംഗ പാർലമെന്റിലെ 159 സീറ്റുകളും എൻപിപി നേടി. മുൻ സഭയിൽ വെറും മൂന്ന് അംഗങ്ങൾ മാത്രമാണ് എൻപിപിക്കുണ്ടായിരുന്നത്.
ഇടതു നിലപാടുകൾ പുലർത്തുന്ന അനുര കുമാര ദിസനായകെ സെപ്റ്റംബറിലാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. പാർലമെന്റിൽ ഭൂരിപക്ഷമില്ലാത്തതു ഭരണനിർവഹണത്തിനു തടസമെന്നു കണ്ട അദ്ദേഹം, ഒരു വർഷംകൂടി കാലാവധിയുള്ള സഭ പിരിച്ചുവിട്ട് ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു.
ബുധനാഴ്ച നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ 61 ശതമാനം വോട്ടും ദിസനായകെയുടെ എൻപിപി സഖ്യത്തിനു ലഭിച്ചു. തമിഴ് വംശജർക്കു ഭൂരിപക്ഷമുള്ള ജാഫ്ന മേഖലയിലും എൻപിപി മുന്നിട്ടു നിന്നു. സിംഹളാധിപത്യമുള്ള പാർട്ടി തമിഴ് മേഖലയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത് ഇതാദ്യമാണ്.
സജിത്ത് പ്രേമദാസ നേതൃത്വം നല്കുന്ന എസ്ജെബിക്ക് 40 സീറ്റുകൾ ലഭിച്ചിട്ടുണ്ട്. തമിഴ് അരസു കക്ഷിക്ക് എട്ടും ന്യൂ ഡെമോക്രാറ്റിക് ഫ്രണ്ടിന് അഞ്ചും സീറ്റുകൾ കിട്ടി. ഒരുകാലത്ത് ശ്രീലങ്ക അടക്കി ഭരിച്ചിരുന്ന രജപക്സെ കുടുംബം നേതൃത്വം നല്കുന്ന എസ്എൽപി മൂന്നു സീറ്റുകളിലൊതുങ്ങി.
സാന്പത്തിക പ്രതിസന്ധി പരിഹരിക്കൽ, ഭരണസ്ഥിരത കൈവരിക്കൽ, അഴിമതി ഉന്മൂലനം ചെയ്യൽ എന്നിവ വാഗ്ദാനം ചെയ്താണു ദിസനായകെ സെപ്റ്റംബറിൽ പ്രസിഡന്റായി ജയിക്കുന്നത്. പരന്പരാഗത രാഷ്ട്രീയ കക്ഷികളുടെ ഭരണം മടുത്താണ് ലങ്കൻ ജനത ദിസനായകെയ്ക്ക് അവസരം നല്കിയത്.
2022ലെ സാന്പത്തിക പ്രതിസന്ധിയിൽ പൊറുതിമുട്ടിയ ലങ്കൻജനത കലാപം നടത്തി പ്രസിഡന്റ് ഗോട്ടാഭയ, പ്രധാനമന്ത്രി മഹിന്ദ രജപക്സമാരെ പുറത്താക്കിയിരുന്നു.
പിന്നീട് പ്രസിഡന്റായ റനിൽ വിക്രമസിംഗെ ഐഎംഎഫിന്റെ സഹായത്തോടെ പ്രതിസന്ധി പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ലങ്ക സാന്പത്തിക ദുരിതത്തിൽനിന്നു മുക്തമായിട്ടില്ല.