ചാലക്കുടി: നോർത്ത് ജംഗ്ഷനിൽ കടയുടമയെ വാടകക്കാരൻ വെട്ടിപ്പരിക്കേല്പിച്ചു. റോസ് ഒപ്റ്റിക്കൽസ് എന്ന സ്ഥാപനം പ്രവർത്തിക്കുന്ന മുറിയുടെ ഉടമയായ പാലാരിവട്ടം അലഷ്യകോടത്ത് മിൽട്ടൻ(46) എന്നയാളെയാണ് ആക്രമിച്ചത്.
കട നടത്തുന്ന വാടകക്കാരനായ മേലൂർ കുരൻ വർഗീസ് തോമസ്(72) എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെ കടയിൽവച്ചാണ് സംഭവം. മിൽട്ടന്റെ ഉടമസ്ഥതയിലുള്ള കട രണ്ടുവർഷമായി വർഗീസാണ് നടത്തുന്നത്. ഒമ്പതുമാസമായി കടയുടെ വാടക നൽകാത്തതിനാൽ മിൽട്ടൻ കഴിഞ്ഞദിവസം കട മറ്റൊരു താഴിട്ട് പൂട്ടിയിരുന്നു. ഇതുസംബന്ധിച്ച തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. മിൽട്ടന്റെ ചെവിക്ക് മുറിവ് പറ്റിയിട്ടുണ്ട്. ബന്ധു ജാക്സൻ സേവ്യറിനും പരിക്കേറ്റു. ഇരുവരേയും ചാലക്കുടി സെന്റ് ജയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.