പാലാ: റോട്ടറി ക്ലബ് ഓഫ് പാലായുടെ ഭാരവാഹികളുടെ സ്ഥാനാരോഹണവും പ്രോജക്ട് ഉദ്ഘാടനവും 29ന് രാത്രി എട്ടിന് പാലാ പ്രതീക്ഷ റോട്ടറി സെന്ററില്‍ നടക്കും. പുതിയ പ്രസിഡന്റായി ഡോ. സെലിന് റോയിയും സെക്രട്ടറിയായി ഷാജി മാത്യുവും ട്രഷററായി ബിജു കൂട്ടിയാനിയിലും ചുമതലയേറ്റു.
റിട്ട. സുപ്രീംകോടതി ജഡ്ജി സിറിയക് ജോസഫ് മുഖ്യാതിഥിയായിരിക്കും. ഉയരെ എന്നു നാമകരണം ചെയ്തിരിക്കുന്ന ഡിസ്ട്രിക്ട് പ്രോജക്ടിന്റെ ഉദ്ഘാടനം മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. തോമസ് വാവാനിക്കുന്നേല്‍ നിര്‍വഹിക്കും. റോട്ടറി പ്രസിഡന്റ് ഡോ. ജോസ് കോക്കാട്ട് അധ്യക്ഷത വഹിക്കും. അസി. ഗവര്‍ണര്‍ ഡോ. ടെസി കുര്യന്, ഡിസ്ട്രിക്ട് ഗവര്‍ണര്‍ പ്രതിനിധി സിബി തോമസ്, ഡോ. മാത്യു തോമസ്, സന്തോഷ് മാട്ടേല്‍, ജിമ്മി ചെറിയാന്, ഷാജി മാത്യു തുടങ്ങിയവര്‍ പ്രസംഗിക്കും.
നൈപുണ്യ വികസന പരിശീലനം, ഭവനപദ്ധതി, ദന്ത, നേത്ര കെയര്‍ പദ്ധതികള്‍, ഡയാലിസിസ്, സൗജന്യ തിമിര ശസ്ത്രക്രിയ എന്നിവ റോട്ടറി ക്ലബ് നടത്തി വരുന്നു. കൂട്ടിക്കലും എലിക്കുളത്തും അയ്മനത്തുമായി 16 വീടുകള്‍ നിര്‍ധനര്‍ക്കായി നിര്‍മ്മിക്കുന്നു. പ്രകൃതിയോടൊപ്പം എന്ന പ്രോജക്ടാണ് പാലാ റോട്ടറി ക്ലബ് ഈ വര്‍ഷം ഏറ്റെടുക്കുന്നത്. പത്രസമ്മേളനത്തില്‍ ഡോ. സെലിന് റോയി, ഷാജി മാത്യു, സന്തോഷ് മാട്ടേല്‍, ഡോ. ടെസി കുര്യന്, ഡോ. ജോര്‍ജ് മൂലയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.