തീക്കോയി: തീക്കോയി പഞ്ചായത്തിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിന് പഞ്ചായത്തിൽ അവലോകനയോഗം ചേർന്നു. ജനപ്രതിനിധികൾ, പിഎച്ച്സി, ഹോമിയോ, ആയുർവേദ മെഡിക്കൽ ഓഫീസർമാർ, ഇതര ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, ആശാവർക്കർമാർ, അങ്കണവാടി ജീവനക്കാർ, ആരോഗ്യ വോളണ്ടിയർമാർ എന്നിവരുടെ യോഗത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് രൂപരേഖ തയാറാക്കി.
പഞ്ചായത്തിൽ അഞ്ച് മേഖലാടിസ്ഥാനത്തിൽ പിഎച്ച്സി, ആയുർവേദ, ഹോമിയോ ഡിപ്പാർട്ട്മെന്റുകൾ സംയുക്തമായി പ്രതിരോധക്യാമ്പ് സംഘടിപ്പിക്കും. ക്യാമ്പിൽ ആവശ്യമായ പ്രതിരോധ മരുന്നുകളും ബോധവത്കരണവും കൊതുക് നിവാരണവും ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. ഇതോടൊപ്പം ഹരിത കർമസേനയുടെ നേതൃത്വത്തിൽ മാലിന്യനിർമാർജന പ്രവർത്തനങ്ങളും ഊർജിതപ്പെടുത്തും.
വഴിക്കടവ്, ഒറ്റയീട്ടി, വേലത്തുശേരി, തീക്കോയി ടൗൺ, പഞ്ചായത്ത് ജംഗ്ഷൻ എന്നീ മേഖലാടിസ്ഥാനത്തിലാണ് പ്രതിരോധക്യാമ്പ് സംഘടിപ്പിക്കുന്നത്.
പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജയിംസിന്റെ അധ്യക്ഷതയിൽ നടന്ന അവലോകനയോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെംബർ ഓമന ഗോപാലൻ, പഞ്ചായത്ത് വൈസ് വൈസ് പ്രസിഡന്റ് മാജി തോമസ്, മെഡിക്കൽ ഓഫീസർമാരായ ലിറ്റി തോമസ്, കെ.എ. സജ്ന, പ്രെയ്സ് അനി, പഞ്ചായത്ത് മെംബർമാർ തുടങ്ങിയവർ പങ്കെടുത്തു.