കോട്ടയം: എഴുപ്പത്തിയഞ്ചിന്റെ നിറവില്‍ ആയിരിക്കുന്ന കോട്ടയത്ത് ഇനിയുമുണ്ട് അത്ഭുതങ്ങള്‍. സ്ഥലപ്പേരുകളാണ് ഇപ്പോള്‍ ട്രെന്‍ഡ്. ഇതില്‍ തന്നെ ചില സ്ഥലപ്പേരുകള്‍ കേട്ടാല്‍ നമുക്ക് ചിരിക്കാന്‍ തോന്നും. മറ്റു ചിലത് കേട്ടാല്‍ അത്ഭുതവും. ചില യാത്രകളില്‍ സ്ഥലങ്ങളുടെ പേരുകള്‍ കാണുമ്പോള്‍ എന്താ ഇതിനുപിന്നില്‍ എന്നുവരെ തോന്നിപ്പോകും. ഇതെല്ലാം ഇന്ന് സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്.
രാജന്‍കവല, അമ്മായിമുക്ക്, മന്ദിരം... ഇവയൊക്കെ കോട്ടയം ജില്ലയിലെ സ്ഥലപ്പേരുകളാണ്. ഇത്രയും രസകരമായ സ്ഥലപ്പേരുകളുള്ള ഒരു ജില്ല എന്ന് ബഹുമതിയും നമുക്ക് തന്നെ. പരിപ്പ്, അത് വറുക്കാന്‍ തിരുവാര്‍പ്പ്, നോണ്‍ വേണമെങ്കില്‍ അതിന് കുറിച്ചി, അത് പാഴ്സലാക്കി കൊണ്ടുപോകാന്‍ പൊതി, വീട്ടില്‍ ചെന്ന് കറിവയ്ക്കാന്‍ ചെമ്പ് എന്നിങ്ങനെ നീളുകയാണ് സ്ഥലപ്പേരുകള്‍ വച്ചുള്ള വര്‍ത്തമാനങ്ങള്‍. മെഡിക്കല്‍ കോളജ് വഴി കല്ലറ എന്ന ഞെട്ടിക്കുന്ന ബസ് ബോര്‍ഡും ഇങ്ങ് കോട്ടയത്ത് മാത്രമേ കാണൂ!
കഞ്ഞിക്കുഴി അവിടന്ന് ദേവലോകം, കുട്ടിപ്പടിയും കൂടെ അച്ഛന്‍പടിയും അപ്പച്ചിപ്പടിയും ഉള്ള നാട്... മോസ്കോയും വത്തിക്കാനും താഷ്കെന്റും എന്നിങ്ങനെ പ്രശസ്തമായ നാടുകളും കേരളത്തില്‍ കോട്ടയത്ത് മാത്രമേ ഉള്ളൂ. കരയും തോടും പുഴയും കാടും കുന്നും എന്നിങ്ങനെ എല്ലാം നിറഞ്ഞ സ്ഥലപ്പേരുകളും കോട്ടയത്തുണ്ട്. പാറക്കുളവും ഒറവയ്ക്കലും മണിപ്പുഴയും പള്ളിക്കത്തോടും എരുത്ത്പുഴയും കറുകച്ചാലും അതിരമ്പുഴയും കൈപ്പുഴയും പാതാമ്പുഴയും പാറമ്പുഴയും ചേര്‍ന്ന് ജല സമൃദ്ധമായ നാട്.
അരീക്കര, അമനകര, മറ്റക്കര, ആര്‍പ്പൂക്കര ഇങ്ങനെ വിവിധ കരകളും മണര്‍കാട്, മറ്റക്കാട്, കടയനിക്കാട്, ഇലയ്ക്കാട്, തോട്ടയ്ക്കാട്, ആനിക്കാട്, കപിക്കാട്, വാക്കാട് എന്നിങ്ങനെ കാടുകളും അടങ്ങിയ പ്രകൃതിരമണീയമായ കൊച്ചു നാടും ഇവിടം തന്നെ. പരുത്തുംപാറ, തവളപ്പാറ, തോണിപ്പാറ, ചാത്തന്‍പാറ എന്നിങ്ങനെയുള്ള പാറകളും ചങ്ങനാശേരി, നെയ്യാട്ടുശേരി, അമ്മഞ്ചേരി, വാരിശേരി എന്നിങ്ങനെ ചേരി ബന്ധങ്ങളും കോട്ടയത്തിനുണ്ട്.
പൊന്‍കുന്നം, അയര്‍ക്കുന്നം, മാണിക്കുന്നം, പറയന്‍കുന്ന്, വട്ടക്കുന്ന്, ചെട്ടിക്കുന്ന് എന്നിങ്ങനെ എത്രയോ കുന്നുകള്‍ നമ്മുടെ കോട്ടയത്തുണ്ട്. വട്ടുകളവും വട്ടുകുളവും അത്യാവശ്യമാണെങ്കില്‍ വാറ്റ്പുരയും ഈ നാട്ടിലുണ്ട്. മഞ്ഞാമറ്റവും നീലൂരും മഞ്ഞാടിയും നിറസമൃദ്ധമാക്കുന്ന, ഫാത്തിമാപുരം, മന്നം, പട്ടത്തിമുക്ക് ഒക്കെകൂടി മത സൗഹാര്‍ദം പുലര്‍ത്തുന്നതും കോട്ടയത്ത് മാത്രം. കടുത്തുരുത്തി, മുളയ്ക്കാംതുരുത്തി, തുരുത്തി, പറവന്തുരുത്ത്, മറവന്തുരുത്ത് എന്നിങ്ങനെയാണ് തുരുത്തില്പ്പെട്ടവരുടെ ലിസ്റ്റ്.
കോത്തല, എരുമത്തല, എന്നിങ്ങനെ തലകളും ആഞ്ഞിലി മൂട്, പേരച്ചുവട്, ഒട്ടയ്ക്കല്‍, ആലുംമൂട്, കൊച്ചാലുംമൂട്, അമ്പഴത്തും കുന്ന്, ഇത്തിത്താനം, വാകത്താനം, നെല്ലിക്കല്‍, പനച്ചിക്കാട്, പൂവത്തിളപ്പ്, മൂന്നിലവ്, ഓട്ടക്കാഞ്ഞിരം, സാക്ഷാല്‍ പാലാ എന്നിങ്ങനെ വൃക്ഷസ്നേഹം പ്രകടിപ്പിക്കുന്നതിലും നമ്മള് ഒന്നാമത് തന്നെ. പന്നിമറ്റവും മീനടവും പട്ടിത്താനവും എരുമപ്പെട്ടിയും കാക്കത്തോട്, മൂങ്ങാക്കുഴി, മൂങ്ങാനി, എലിവാലി, സിംഹവനം, ചിങ്ങവനം, മാന്‍വെട്ടം, പുലിക്കുട്ടിശേരി, പട്ടിയാലിമറ്റം, എരുമേലി, പാമ്പാടി എന്നിങ്ങനെ പോകുന്നു പക്ഷിമൃഗാദികളോടുള്ള സ്നേഹം.
തെക്കേത്തുകവല, കൈലാത്തുകവല, പുളിക്കല്‍ കവല, കുട്ടിക്കാട്ടുകവല, പേട്ടക്കവല, നൂറ്റൊന്നുകവല എന്നിങ്ങനെ കവലകളാല് സമ്പന്നമാണ് കോട്ടയം. ഇതിനെല്ലാംപുറമെ അഴിമതി ചൂണ്ടി കാണിക്കാന്‍ കോഴ സ്വന്തമായും ഇവിടെയുണ്ട്.