ചേർത്തല: നഗരമധ്യത്തില്‍ റോഡിന്റെ മധ്യഭാഗത്ത് സ്ഥാപിച്ചിരുന്ന കൂറ്റൻ ഹൈമാസ്റ്റ് ലൈറ്റ് വാഹനമിടിച്ചു തകർത്തു. ചേര്‍ത്തല ദേവീക്ഷേത്രത്തിനു മുൻവശം മൂന്നു റോഡുകളുടെയും മധ്യഭാഗത്ത് സ്ഥാപിച്ചിരുന്ന ഹൈമാസ്റ്റ് ലൈറ്റാണ് അജ്ഞാ ത വാഹനമിടിച്ച് തകർത്തത്.
ചൊവ്വാഴ്ച അർധരാത്രി 12 നാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ ഹൈമാസ്റ്റ് ലൈറ്റ് റോഡിലേക്ക് മറിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടു. കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്കും കോട്ടയം ഭാഗത്തേക്കുമുള്ള വാഹനങ്ങള്‍ ഇതുവഴിയാണ് പോകുന്നത്. അഗ്നിശമനസേനയെത്തി ലൈറ്റ് സ്ഥാപിച്ചിരുന്ന പൈപ്പ് മുറിച്ച് മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ഇടിച്ചിട്ട വാഹനം നിർത്താതെപോയി. കവലയിലെ വ്യാപാരസ്ഥാപനങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി.