കണ്ണൂർ രൂപത സഹായമെത്രാൻ മോൺ. ഡോ. ഡെന്നിസ് കുറുപ്പശേരിയുടെ സ്ഥാനാരോഹണം നാളെ
1467787
Saturday, November 9, 2024 7:24 AM IST
കണ്ണൂർ: കണ്ണൂർ രൂപതയുടെ നിയുക്തപ്രഥമ സഹായ മെത്രാൻ മോൺ. ഡോ. ഡെന്നിസ് കുറുപ്പശേരിയുടെ സ്ഥാനാരോഹണം നാളെ നടക്കും. ബർണശേരി ഹോളി ട്രിനിറ്റി കത്തീഡ്രൽ അങ്കണത്തിലെ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ ഉച്ചകഴിഞ്ഞ് മൂന്നിന് റോമിലെ പൊന്തിഫിക്കൽ വിദ്യാപീഠത്തിന്റെ പ്രസിഡന്റ് ആർച്ച്ബിഷപ് സാൽവത്തോരോ പെനാകിയോയുടെ മുഖ്യകാർമികത്വത്തിൽ മെത്രാഭിഷേക തിരുക്കർമങ്ങൾ ആരംഭിക്കുമെന്ന് കണ്ണൂർ രൂപത വികാരി ജനറാൾ മോൺ. ക്ലാരൻസ് പാലിയത്ത് പത്രസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ ഓഗസ്റ്റ് 15നാണ് ഫ്രാൻസിസ് മാർപാപ്പ നിയമന ഉത്തരവ് ഇറക്കിയത്.
കർദിനാളും മുംബൈ ആർച്ച്ബിഷപ്പുമായ ഓസ്വാൾഡ് ഗ്രേഷ്യസ്, വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിൽപറമ്പിൽ എന്നിവർ സഹകാർമികരാകും. കണ്ണൂരിന്റെ പ്രഥമ ബിഷപും ഇപ്പോഴത്തെ കോഴിക്കോട് രൂപത ബിഷപുമായ ഡോ.വർഗീസ് ചക്കാലക്കൽ വചന സന്ദേശം നൽകും.
ചടങ്ങിൽ കണ്ണൂർ രൂപത ബിഷപ് ഡോ. അലക്സ് വടക്കുംതല അധ്യക്ഷത വഹിക്കും. കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ, ഇന്ത്യയുടെയും നേപ്പാളിന്റെയും അപ്പസ്തോലിക് നൂൺഷ്യോ റവ. ഡോ. ലിയോപോൾദോ ജിറേലി, തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി എന്നിവർ ആശംസകൾ അർപ്പിക്കും.
സ്ഥാനാരോഹണചടങ്ങിന് മുന്നോടിയായി ഉച്ചകഴിഞ്ഞ് 2.45ന് ബർണശേരി ബിഎം യുപി സ്കൂൾ ജംഗ്ഷനിൽ നിന്നും വിശിഷ്ടാതിഥികളെ ഹോളിട്രിനിറ്റി കത്തീഡ്രൽ അങ്കണത്തിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിലേക്ക് വാദ്യമേളങ്ങളുടെ അകന്പടിയോടെ കൊന്പിരി അംഗങ്ങൾ, അൾത്താര ശുശ്രൂഷകർ, വൈദികർ, സന്യസ്തർ, അല്മായർ എന്നിവരുടെ സാന്നിധ്യത്തിൽ സ്വീകരിച്ച് ആനയിക്കും.
ചടങ്ങിൽ വിവിധ രൂപതകളിൽനിന്നുള്ള മെത്രാന്മാർ, വികാരി ജനറാൾമാർ, വൈദികർ, സന്യാസിനി സമൂഹങ്ങളുടെപ്രതിനിധികൾ, അല്മായ സംഘടനാ നേതാക്കൾ, പൗരപ്രതിനിധികൾ, വിശ്വാസസമൂഹം എന്നിവർ പങ്കെടുക്കും.
7000 ത്തോളം പേർ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. പത്രസമ്മേളനത്തിൽ പബ്ലിസിറ്റി കൺവീനർ റവ. ഫാ. ജോമോൻ ചെന്പകശേരി, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഷിബു ഫെർണാണ്ടസ്, കെഎൽസിഎ മുൻ സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ, കെഎൽസിഎ സംസ്ഥാന ട്രഷറർ രതീഷ് ആന്റണി എന്നിവരും പങ്കെടുത്തു.
മോൺ. ഡോ. ഡെന്നിസ് കുറുപ്പശേരി
കൊടുങ്ങല്ലൂർ കോട്ടപ്പുറം രൂപതയിലെ പുരാതനമായ പള്ളിപ്പുറം മഞ്ഞുമാതാ ഇടവകയിൽ 1967 ഓഗസ്റ്റ് നാലിനാണു ജനനം. പരേതനായ കുറുപ്പശേരി സ്റ്റാൻലിയുടെയും ഷേർളിയുടെയും ഏഴു മക്കളിൽ നാലാമനാണ് മോൺ. ഡോ. ഡെന്നിസ്. ആലുവ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നു ദൈവശാസ്ത്രത്തിലും കേരള യൂണിവേഴ്സിറ്റിയിൽനിന്നു തത്വശാസ്ത്രത്തിലും ബിരുദവും റോമിലെ ഉർബൻ യൂണിവേഴ്സിറ്റിയിൽനിന്നു കാനൻ നിയമത്തിൽ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുണ്ട്. 1991 ഡിസംബർ 23 നാണു കോട്ടപ്പുറം രൂപതയ്ക്കുവേണ്ടി പുരോഹിതനായി അഭിഷിക്തനായത്.
തുടർന്ന്, തുരുത്തിപ്പുറം സെന്റ് ഫ്രാൻസിസ് ഇടവകയിൽ സഹവികാരിയായും കടവാൽതുരുത്തു വിശുദ്ധ കുരിശിന്റെ ഇടവക, പുല്ലൂറ്റു സെന്റ് ആന്റണീസ് ഇടവക എന്നിവിടങ്ങളിൽ പ്രീസ്റ്റ് ഇൻ ചാർജായും വികാരിയായും 1997 വരെ സേവനമനുഷ്ഠിച്ചു. കോട്ടപ്പുറം രൂപതയുടെ മുഖപത്രമായ ദിദിമൂസിന്റെ പത്രാധിപരും കേരള കാത്തലിക് സ്റ്റുഡന്റ്സ് ലീഗ് രൂപത ഡയറക്ടറുമായിരുന്ന ഡോ. ഡെന്നിസ് കുറുപ്പശേരി 2001 മുതലാണ് വത്തിക്കാന്റെ നയതന്ത്രവിഭാഗത്തിൽ പ്രവർത്തിക്കാൻ തുടങ്ങിയത്. ആഫ്രിക്കയിലെ ബുറുണ്ടിയിലായിരുന്നു ആദ്യ നിയമനം.
പിന്നീട്, ഈജിപ്ത്, തായ്ലാൻഡ്, ചെക്ക് റിപ്പബ്ലിക്, ആഫ്രിക്കയിലെ ഗാബോൺ എന്നീ നയതന്ത്ര കാര്യാലയങ്ങളിൽ പ്രവർത്തിച്ചു. 2017 മുതൽ അമേരിക്കയിലെ വത്തിക്കാൻ എംബസിയിൽ പേപ്പൽ നൂൺഷ്യോ കഴിഞ്ഞാൽ കൂടുതൽ ഉത്തരവാദിത്വമുള്ള ഫസ്റ്റ് അസിസ്റ്റന്റായി ജോലി നോക്കി. ഇറ്റലിയിലെ മാൾട്ടയിൽ നയതന്ത്രകാര്യാലയത്തിൽ തന്റെ ജോലി തുടരവെയാണ് സഹായ മെത്രാനായി നിയമിതനാകുന്നത്.