വെമ്പുഴ പാലത്തിന്റെ സമാന്തര റോഡ് വീണ്ടും തുറന്നുകൊടുത്തു
1478079
Sunday, November 10, 2024 7:57 AM IST
ഇരിട്ടി: മലയോര ഹൈവേയിൽ വള്ളിത്തോട് മണത്തണ റീച്ചിൽ നിർമാണം പുരോഗമിക്കുന്ന വെമ്പുഴ പാലത്തിന്റെ പുതിയ സമാന്തര പാതയിലൂടെ ഗതാഗതം മാറ്റിവിട്ടു. പാലത്തിന്റെ അപ്രോച്ച് റോഡിന്റെ സ്ലാബുകൾ കോൺക്രീറ്റ് ചെയ്യുന്നതിനു വേണ്ടിയാണ് മഴയിൽ ഒഴുകിപ്പോയ അപ്രോച്ച് റോഡ് വീണ്ടും നിർമിച്ച് ഗതാഗതം തിരിച്ചുവിട്ടത്.
മലയോര ഹൈവേയിൽ കരിക്കോട്ടക്കരിയെയും എടൂരിനെയും ബന്ധിപ്പിക്കുന്ന പ്രധാന പാലമാണിത്. ഇവിടുത്തെ പഴയ പാലം പൊളിച്ചുമാറ്റിയ ശേഷമാണ് പുതിയ പാലത്തിന്റെ നിർമാണം ആരംഭിച്ചത്. ആറുമാസംകൊണ്ട് പൂർത്തിയാക്കേണ്ട പാലത്തിന്റെ നിർമാണം വൈകിയതോടെ മഴയിൽ സമാന്തര റോഡ് ഒഴുകിപ്പോയിരുന്നു.
റോഡ് ഒഴുകിപ്പോയതോടെ ഇതുവഴിയുള്ള കാൽനട യാത്ര അടക്കം തടസപ്പെട്ടിരുന്നു. ഗതാഗതം തടസപ്പെട്ട് മാസങ്ങൾക്കു ശേഷം പാലത്തിന്റെ മെയിൻ സ്ലാബിന്റെ നിർമാണം പൂർത്തിയായായതോടെ പ്രദേശവാസികളുടെയും മാധ്യമങ്ങളുടെയും ഇടപെടലിലൂടെ ഗതാഗതം താത്കാലികമായി പുതിയ പാലത്തിലൂടെ തിരിച്ചുവിടുകയായിരുന്നു.
പാലത്തിന്റെ അപ്രോച്ച് റോഡ് പൂർത്തിയാകാൻ പാലത്തിൽ നിന്നും മൂന്ന് മീറ്റർ സ്ലാബ് കോൺക്രീറ്റ് ചെയ്യണ്ട പ്രവൃത്തിയാണ് ഇനി ബാക്കിയുള്ളത്. നിലവിൽ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചാൽ മാത്രമേ പ്രവൃത്തികൾ ആരംഭിക്കാൻ കഴിയുകയുള്ളൂ. അതിനാണ് മഴകുറഞ്ഞതോടെ ഒഴുകിപ്പോയ സമാന്തര റോഡ് പുനർനിർമിച്ച് ഗതാഗതം തിരിച്ചു വിട്ടിരിക്കുന്നത്.
മലയോര ഹൈവേയുടെ വള്ളിത്തോട് മുതൽ മണത്തണ വരെ 26 കിലോമീറ്റർ ദൂരം 83 കോടിയോളം രൂപ മുടക്കിയാണ് നവീകരണ പ്രവൃത്തികൾ പുരോഗമിക്കുന്നത്. റീച്ചിൽ ആനപ്പന്തി, വെമ്പുഴ, ചേന്തോട് തുടങ്ങി മൂന്ന് പാലങ്ങളാണ് പുനർനിർമിക്കുന്നത്. ഇതിൽ വെമ്പുഴ, ചേന്തോട് പാലങ്ങളുടെ പ്രവൃത്തിയാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ആനപ്പന്തി പാലത്തിന്റെ പ്രവൃത്തി ഇനിയും ആരംഭിച്ചിട്ടില്ല.