ഇരിക്കൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു
1478476
Tuesday, November 12, 2024 7:00 AM IST
ചെമ്പന്തൊട്ടി: സ്കൂൾ കലോത്സവം സാംസ്കാരിക ഐക്യത്തിന്റെ പ്രതീകമാണെന്ന് സജീവ് ജോസഫ് എംഎൽഎ. ഇരിക്കൂർ ഉപജില്ലാ സ്കൂൾ കലോത്സവം ചെമ്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അന്യംനിന്നു പോകുന്ന കലാരൂപങ്ങൾ കുട്ടികളിലൂടെ അടുത്ത തലമുറയിലേക്ക് പകർന്നു നൽകാൻ കലോത്സവങ്ങൾ സഹായിക്കുന്നു. കുട്ടികളിൽ മതേതര ജനാധിപത്യ മൂല്യങ്ങളും സഹകരണ മനോഭാവവും വളർത്തിയെടുക്കാൻ കലോത്സവവേദികൾ പ്രയോജനപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഘാടക സമിതി അധ്യക്ഷ ഡോ. കെ.വി. ഫിലോമിന അധ്യക്ഷത വഹിച്ചു.
കെ.പി. സുനിൽകുമാർ രചന നിർവഹിച്ച കലോത്സവ സ്വാഗതഗാനം ശ്രീകണ്ഠപുരം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ ത്രേസ്യാമ്മ മാത്യു പ്രകാശനം ചെയ്തു. സൗമ്യ സന്തോഷ് ചിട്ടപ്പെടുത്തിയ കലോത്സവഗാന നൃത്തശില്പം വേദിയിൽ അവതരിപ്പിച്ചു. തലശേരി അതിരൂപത ചാൻസിലർ റവ. ഡോ. ജോസഫ് മുട്ടത്തുകുന്നേൽ അനുഗ്രഹപ്രഭാഷണം നടത്തി. ഇരിക്കൂർ എഇഒ പി.കെ. ഗിരീഷ്മോഹൻ, ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത്, സ്കൂൾ മാനേജർ ഫാ. ആന്റണി മഞ്ഞളാംകുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു.